സരിതയുടെ വിവാദ ദൃശ്യങ്ങളടങ്ങിയ സ്മാര്‍ട് ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കാന്‍ ഹര്‍ജി

കൊച്ചി: സരിത എസ് നായരുടെ ‘കാണാതായ’ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും എഡിജിപി പത്മകുമാറിന്റെയും
പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്റെയും അടുത്ത് നിന്ന് പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കമ്മീഷനില്‍ ഹര്‍ജി.

സിപിഐയുടെ യുവജന വിഭാഗമായ എഐവൈഫിന്റെ സംസ്ഥാന സെക്രട്ടറി കെ.രാജനാണ് അഭിഭാഷകനായ രഞ്ജിത് മുഖാന്തരം സോളാര്‍ കമ്മീഷനില്‍ പരാതി നല്‍കിയത്.

സോളാര്‍ കേസില്‍ അറസ്റ്റിലായ സരിതയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളിലും മൊബൈലുകളിലും ചിലത് കാണാനില്ലെന്നും ഇതില്‍ ഒന്നിലുണ്ടായിരുന്ന തന്റെ നഗ്ന ദൃശ്യങ്ങളാണ് പിന്നീട് വാട്‌സ് ആപ്പ് വഴി പ്രചരിച്ചതെന്നുമുള്ള സരിതയുടെ പരാതിയില്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിക്കാതിരുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രേഖാമൂലം കൈവശപ്പെടുത്തുകയും പിന്നീട് കോടതിയില്‍ സമര്‍പ്പിച്ചതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത ഈ ‘കാണാതായ’ ലാപ് ടോപ്പിലും മൊബൈലിലും ഉന്നതര്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളതിനാല്‍ ഇവ പിടിച്ചെടുത്ത് പരിശോധിക്കണമെന്നതാണ് എഐവൈഎഫിന്റെ ആവശ്യം.

സരിത പത്ര സമ്മേളനത്തില്‍ ഹാജരാക്കിയ ഉന്നതരുടെ പേരടങ്ങിയ കത്തും സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയ മന്ത്രിമാരും എം.പിമാരും അടക്കമുള്ളവരുടെ പേരുകളെന്ന് സരിത വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍, കേസന്വേഷിച്ച എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തെ വിളിച്ച് വരുത്തി മൊഴിയെടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെടുന്നുണ്ട്.

എഐവൈഎഫിന്റെ അപ്രതീക്ഷിതമായ ഈ നീക്കം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ തലവേദനയുണ്ടാക്കാവുന്നതാണ്. ജോസ് കെ മാണിയുടെ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കുന്നത് സരിതയുടെ ഒര്‍ജിനല്‍ കത്ത് പരിശോധിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണെന്ന ആരോപണമുയര്‍ന്നിരിക്കെ സോളാര്‍ കമ്മീഷന്‍ ഇടപെട്ട് കത്ത് പിടിച്ചെടുത്താല്‍ അത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതുപോലെ തന്നെ സരിത നേരത്തെ ഡിജിപിക്ക് നല്‍കിയ പരാതിയിലെ തുടര്‍ നടപടിയും സോളാര്‍ കമ്മീഷനെ ആഭ്യന്തര വകുപ്പിന് അറിയിക്കേണ്ടി വരും. ഈ പരാതിയില്‍ തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ‘പ്രഹസന’ അന്വേഷണം നടത്തുന്നത്.

എഡിജിപിക്കെതിരായ പരാതി ഡിവൈഎസ്പി അന്വേഷിക്കുന്നതിലെ അനൗചിത്യം സരിത തന്നെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. മൊബൈലും ലാപ്‌ടോപ്പും കാണാതായതിന് പിന്നില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനും അന്ന് എറണാകുളം റേഞ്ച് ഐജി ആയിരുന്ന പത്മകുമാറുമാണെന്നാണ് സരിതയുടെ ആരോപണം.

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ വഴി നഗ്ന ദൃശ്യങ്ങള്‍ എഡിജിപി തനിക്ക് നേരത്തെ അയച്ചിരുന്നതായും അത് ഹാജരാക്കാന്‍ തയ്യാറാണെന്നും സരിത വെളിപ്പെടുത്തിയത് പൊലീസ് സേനക്ക് നാണക്കേടായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ എഐവൈഎഫിന്റെ ഹര്‍ജിയില്‍ സരിത എസ് നായര്‍ ,എഡിജിപി പത്മകുമാര്‍,പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍, കേസ് അന്വേഷിച്ച ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍ എന്നിവരെ സോളാര്‍ കമ്മീഷന്‍ വിളിച്ച് വരുത്തേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന.

സരിതയുടെ കത്തും, ലാപ്‌ടോപ്പ്, മെസഞ്ചര്‍ വിശദാംശങ്ങളും ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടാല്‍ അത് സോളാര്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകും.

Top