സരിതയോട് സഹകരിച്ചത് മമ്മൂട്ടി; കത്തിലെ ഉള്ളടക്കം ഉറ്റുനോക്കി സിനിമാലോകവും

കൊച്ചി: മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അടക്കമുള്ള ഉന്നതരുടെ പേരുള്‍പ്പെട്ട സരിതയുടെ ‘വിവാദ കത്തില്‍’ നടന്‍ മോഹന്‍ലാലിന്റെ പേരുള്‍പ്പെട്ടത് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നു.

സരിതയുടെ ടീം സോളാറിന്റെ കലാപരിപാടിയില്‍ മുഖ്യാഥിതിയായിരുന്നു മമ്മൂട്ടി. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മമ്മൂട്ടി വാങ്ങിയ തുകയെ ചൊല്ലി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇദ്ദേഹത്തിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് ടീം സോളാറാണെന്ന് വാര്‍ത്തകളുമുണ്ടായിരുന്നു. സനിമാ മേഖലയില്‍ മമ്മൂട്ടിക്കെതിരെ മാത്രമാണ് ഈ ആരോപണമുയര്‍ന്നു വന്നതെന്നിരിക്കെ മോഹന്‍ലാല്‍ എങ്ങനെ സരിതയുടെ കത്തില്‍ ഉള്‍പ്പെട്ടു എന്നാലോചിച്ച് തലപുകയ്ക്കുകയാണ് സിനിമാ ലോകം.

റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട മൂന്ന് പേജുള്ള കത്ത് വ്യാജമാണെന്ന് തെളിയിക്കാന്‍ ധൃതിപ്പെട്ട് സരിത വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ 30 പേജുള്ള കത്ത് ഉയര്‍ത്തിക്കാട്ടി പേജുകള്‍ മറിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സൂപ്പര്‍ താരത്തിന്റെ പേരും കുടുങ്ങിയത്.

മന്ത്രിമാര്‍ അടക്കമുള്ള ഉന്നതരുടെ പേരുകള്‍ വാര്‍ത്തയാക്കാന്‍ മത്സരിച്ച മാധ്യമങ്ങള്‍ പക്ഷെ മോഹന്‍ലാലിനെ വെറുതെ വിട്ടിരുന്നു. ഇനി ഈ കത്തിനുള്ളില്‍ മറ്റ് പല സിനിമാ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

തന്നോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ കുറിപ്പായി രേഖപ്പെടുത്തിയതാണ് ജോസ് കെ മാണി എം.പി അടക്കമുള്ളവരുടെ പേരെന്ന് വ്യക്തമാക്കിയ സരിത, തന്നെ ദ്രോഹിച്ചവരുടെ പേരുകളും കത്തില്‍ ഉണ്ടെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും പൊലീസിനെ പ്രഹരിക്കുമ്പോഴും സിനിമാ മേഖലയെ സരിത വെറുതെ വിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമാണിപ്പോള്‍ ശക്തമായി ഉയരുന്നത്.

സൂപ്പര്‍ താരത്തിന്റെ പേര് മന:പൂര്‍വ്വം കത്തില്‍ വലിച്ചിഴച്ചതാണെന്നാണ് ലാലിന്റെ ആരാധകരുടെ പ്രതികരണം. ആരെങ്കിലും എവിടെയെങ്കിലും പേര് കുറിച്ചുവെച്ചാല്‍ അതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ആരാധകര്‍.

അതേസമയം ടീം സോളാറിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ രാഷ്ട്രീയക്കാര്‍ അടക്കമുള്ളവരെ സരിതയ്ക്ക് സമീപിക്കേണ്ടി വന്നതുപോലെ നിരവധി സിനിമാ പ്രവര്‍കത്തകരുമായും സരിത ബന്ധപ്പെട്ടിരുന്നതായാണ് ലഭിക്കുന്ന സൂചന. സരിത അറസ്റ്റിലായതിന് ശേഷവും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു.

തന്റെ കത്തില്‍ സൂപ്പര്‍ താരത്തിന്റെ പേര് എഴുതാനിടയായ സാഹചര്യം എന്താണെന്നും കൂടുതല്‍ സിനിമാ താരങ്ങള്‍ ഈ കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും സരിത തന്നെ വ്യക്തമാക്കേണ്ടതാണ്.

ക്രൈം ബ്രാഞ്ചിന് കത്ത് കൈമാറില്ലെന്ന് സരിത വ്യക്തമാക്കിയതിനാല്‍ ഇനി സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ കത്ത് നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്‍ നല്‍കിയ ഹര്‍ജിയിലെ ഒരു പ്രധാന ആവശ്യം ഈ കത്ത് പിടിച്ചെടുക്കണമെന്നതാണ്. സ്വമേധയാ സരിത കത്ത് ഹാജരാക്കിയില്ലെങ്കില്‍ കത്ത് പിടിച്ചെടുത്ത് ഹാജരാക്കാന്‍ ഡിജിപിയോട് നിര്‍ദേശിക്കാന്‍ സോളാര്‍ കമ്മീഷന് അധികാരമുണ്ട്.

കത്തിലെ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും പുറമെ തങ്ങളുടെ വിഭാഗത്തില്‍പെട്ട ആരെല്ലാമുണ്ടെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

മോഹന്‍ലാലുമായി വളരെ അടുപ്പമുള്ള മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പി.എയുടെ ആടുത്താണ് താന്‍ കത്ത് ആദ്യം കൊടുത്തിരുന്നതെന്ന് സരിത തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍, പിന്നെ എങ്ങനെ കത്തില്‍ ലാലിന്റെ പേര് കടന്നുകൂടി എന്നതാണ് സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുന്നത്.

Top