സരിതാദേവിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൂചന

ന്യുഡല്‍ഹി:  ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിരസിച്ച  ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ സാധ്യത.  സരിതാദേവിയുടെ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്നും കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഓള്‍ ബോക്‌സിംഗ് അസോസിയേഷന്‍ വ്യക്തമാക്കി.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതാ ബോക്‌സിംഗ് ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ വിധികര്‍ത്താക്കളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച സരിതാദേവി മെഡല്‍ തിരിച്ചു നല്‍കിയത്. എതിരാളിയായിരുന്ന കൊറിയന്‍ താരത്തിനു തന്നെ സരിതാദേവി മെഡല്‍ നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് സരിതാ ദേവിക്കും മൂന്ന് പരിശീലകര്‍ക്കും അസോസിയേഷന്‍ അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ വികാരത്തെ തുടര്‍ന്നാണ് സമ്മാനദാന ചടങ്ങിനിടെ അങ്ങനെ പ്രവര്‍ത്തിച്ചതെന്നു കാട്ടി സരിതാ ദേവി ഓള്‍ ഇന്ത്യ ബോക്‌സിംഗ് അസോസിയേഷന് മാപ്പപേക്ഷ നല്‍കി. ഈ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഉറച്ചുനില്‍ക്കുകയാണ്.

Top