കൊച്ചി:സോളാര്‍ കേസ് വഴിത്തിരിവിലേക്ക്. പല ആളുകളും തന്നെ ബലാത്സംഗം ചെയ്‌തെന്ന് സരിത മൊഴി നല്‍കിയതായി മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി രാജുവിന്റെ വെളിപ്പെടുത്തലാണ് സോളാര്‍ കേസില്‍ നിര്‍ണായകമാകുന്നത്.
ആരെങ്കിലും ബലാല്‍ത്സംഗം ചെയ്തിട്ടുണ്ടോ എന്ന തന്റെ ചോദ്യത്തിന് ‘ഉവ്വ് ‘ എന്നായിരുന്നു സരിതയുടെ മറുപടിയെന്നാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മജിസ്‌ട്രേറ്റ് മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയ കോടതി ജീവനക്കാരുടെ നിലപാടിന് ഘടക വിരുദ്ധമാണ് മജിസ്‌ട്രേറ്റിന്റെ മൊഴി.
ശിരസ്തദാര്‍ കെ.ജെ മഞ്ജുഷ, എല്‍.ഡി ക്ലര്‍ക്ക് മേരി റിസിമോള്‍ എന്നിവര്‍ കമ്മീഷന് മുന്നില്‍ കളവാണ് പറഞ്ഞതെന്ന വാദത്തിന് ബലമേകുന്നതാണ് മജിസ്‌ട്രേറ്റിന്റെ ഇപ്പോഴത്തെ മൊഴി.
ഇത്രയും ഗുരുതരമായ കാര്യം പറഞ്ഞിട്ടും എന്തുകൊണ്ടാണ് അക്കാര്യം എഴുതി എടുക്കാതിരുന്നതെന്ന കമ്മീഷന്റെ ചോദ്യത്തിന് നിയമപരമായ പരാതിയാണ് അതെന്ന് തനിക്ക് തോന്നിയില്ലെന്ന വിചിത്രമായ മറുപടിയാണ് മജിസ്‌ട്രേറ്റ് പറഞ്ഞത്.
ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടതായി മൊഴി പറഞ്ഞാല്‍ ഉടന്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ ചുമതലപ്പെട്ട മജിസ്‌ട്രേറ്റിന്റെ വിചിത്ര നിലപാട് മാധ്യമപ്രവര്‍ത്തകരെ അടക്കം മൊഴി കേള്‍ക്കാനെത്തിയ എല്ലാവരെയും അമ്പരിപ്പിച്ച് കളഞ്ഞു.
സരിതയെ പീഡിപ്പിച്ചവരുടെ പേരുകള്‍ മറ്റ് തിരക്കുകള്‍ക്കിടയില്‍ മറന്ന് പോയെന്ന ന്യായവും മജിസ്‌ട്രേറ്റ് നിരത്തി. ഏറെ ദുരൂഹതയും നിയമ വൃത്തങ്ങളെ ഞെട്ടിക്കുകയും ചെയ്ത മൊഴിയാണ് സോളാര്‍ കമ്മീഷനില്‍ മജിസ്‌ട്രേറ്റ് നല്‍കിയതെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.
പതിനാല് മിനുട്ടോളം അടച്ചിട്ട മുറിയില്‍ സരിതയുമായി സംസാരിച്ച മജിസ്‌ട്രേറ്റ് അഞ്ചോ ആറേ മിനുട്ട് മാത്രമാണ് സംസാരിച്ചതെന്ന് പറഞ്ഞതും ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.