സര്‍ക്കാര്‍ കാണാത്ത കായല്‍ സംരക്ഷണം ചൂണ്ടിക്കാട്ടി ഒബാമ; തലകുനിച്ച് കേരളം

ന്യൂഡല്‍ഹി: ഭരണകൂടം കാണാത്ത കേരളത്തിന്റെ കായല്‍ സൗന്ദര്യവും സംരക്ഷണവും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അധിപന്‍ കണ്ടത് കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പുകൂടിയായി. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സദസ്സിനെ മുന്‍നിര്‍ത്തി സംസാരിക്കവെയാണ് കേരളത്തിന്റെ കായല്‍ സൗന്ദര്യം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എടുത്ത് പറഞ്ഞത്.

കേരളത്തിന്റെ സൗന്ദര്യമായ കായല്‍ തീരം സംരക്ഷിക്കപ്പെടണമെന്ന് ഒബാമ പറഞ്ഞത് എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. ഇന്ത്യയുടെ തലസ്ഥാന നഗരിയെ മാത്രമല്ല കൊച്ചു സംസ്ഥാനങ്ങളിലെ പ്രത്യേകതയും വെല്ലുവിളികളും വരെ ഒബാമക്കറിയാമെന്നതിന്റെ സാക്ഷ്യപത്രം കൂടിയായി ഈ വെളിപ്പെടുത്തല്‍.

കൂറ്റന്‍ കെട്ടിടങ്ങളും മലിനീകരണവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കേരളത്തിലെ കായല്‍ സൗന്ദര്യത്തിനും പ്രകൃതി സൗന്ദര്യത്തിനും വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് ഒബാമയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനെയും ഗംഗ നദിയെയുമെല്ലാം എടുത്ത് പറഞ്ഞ ഒബാമ ഇന്ത്യയുടെ സാസ്‌കാരിക പൈതൃകങ്ങളില്‍ അഭിമാനം കൊണ്ടു.

കേരളത്തിലെ കായല്‍ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഇനി ചൂണ്ടിക്കാട്ടാന്‍ ഒബാമയുടെ ഈ പരാമര്‍ശം കൂടി ആയുധമാകും. കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തുമെല്ലാം അനധികൃത റിസോര്‍ട്ടുകള്‍ക്കും, ഹോട്ടലുകള്‍ക്കും അനുമതി കൊടുത്ത സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് ഒബാമയുടെ പരാമര്‍ശം.

ഏഷ്യാ -പസഫിക് മേഖലയില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇന്ത്യയും അമേരിക്കയും ഒന്ന് ചേര്‍ന്നാല്‍ ലോകത്ത് പുതിയ ചരിത്രം രചിക്കാന്‍ പറ്റുമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

സദസ്സിനെ പൂര്‍ണമായും കൈയിലെടുത്ത് അധികാരത്തിന്റെ അഹങ്കാരമില്ലാതെയാണ് ഒബാമ പെരുമാറിയത്. സദസ്സിനിടയിലേക്ക് ഇറങ്ങിച്ചെന്ന് ഒബാമ കൈകൊടുത്തത് അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്.

Top