കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിയില്‍ നിന്നും പറന്നെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ മാണിക്ക് സമ്മാനിച്ചത് വന്‍ തിരിച്ചടി.
ജസ്റ്റീസ് കമാല്‍ പാഷയുടെ വിമര്‍ശനങ്ങള്‍ രൂക്ഷമായപ്പോള്‍ എതിര്‍പ്പുമായി എത്തിയ കപില്‍ സിബലിനും അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിക്കും കനത്ത പ്രഹരമാണ് കോടതി സമ്മാനിച്ചത്.
താനടക്കമുള്ളവര്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് എന്തിനാണ് വിലകൂടിയ നിയമോപദേശം തേടിയതെന്നും അഡ്വക്കേറ്റ് ജനറലിന് തന്നെ നിയമോപദേശം നല്‍കിയാല്‍ പോരായിരുന്നോ എന്നുമുള്ള കോടതിയുടെ ചോദ്യം, വിജിലന്‍സ് കോടതി വിധിക്കെതിരെ വാദിക്കാന്‍ വന്ന കപില്‍ സിബലിനും സര്‍ക്കാരിനുമെതിരെയുള്ള തിരിച്ചടികൂടിയാണ്.
സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതമായിരിക്കണമെന്നും, മാണി മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നുമാണ് ഹൈക്കോടതി ആഞ്ഞടിച്ചത്.
വിജിലന്‍സ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് ഹൈക്കോടടതിയുടെ പ്രഹരം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യം കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മാണി രാജി വച്ചാലും ഈ കോളിളക്കത്തിന്റെ അലയോലി അടങ്ങില്ല.
വസ്തുതാ വിവര റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും വാങ്ങാനും പരിശോധിക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന വാദം മാത്രമാണ് കോടതി അംഗീകരിച്ചത്.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും വേണ്ട രീതിയില്‍ അധികാരം ഉപയോഗിച്ചില്ലെന്നും ചൂണ്ടിക്കാട്ടി തുടരന്വേഷണം തടയണമെന്ന ആവശ്യം കോടതി തള്ളിക്കളയുകയും ചെയ്തു.