ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍.ഡി.എം.സി) ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ സുരിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിംഗിനെ കൂടാതെ അദ്ദേഹത്തിന്രെ അസിസ്റ്റന്റും ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.
ഈ മാസം 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുഗ്ലക് റോഡില്‍ പതിവ് പരിശോധനകളില്‍ ഏര്‍പ്പെട്ടിരുന്ന എന്‍.ഡി.എം.സി സംഘം ഒരു ഇ-ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിക്കുന്നതിനായി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി. ഇത് സുരിന്ദറും സംഘവും ചോദ്യംചെയ്യുകയും തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സുരിന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സൂചിപ്പിച്ചു.
ഡല്‍ഹി കണ്ടോണ്മെന്റ് മണ്ഡത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരിന്ദര്‍ സിംഗ്. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആംആദ്മി എം.എല്‍.എയാണ് അദ്ദേഹം. നേരത്തെ, വ്യാജബിരുദം സംബാധിച്ച കേസില്‍ നിയമമന്ത്രി കൂടിയായിരുന്ന ജിതേന്ദ്ര സിംഗ് തോമറും ഭൂമി തട്ടിപ്പ് കേസില്‍ കോണ്ഡിലി എം.എല്‍.എ മനോജ് കുമാറും അറസ്റ്റിലായിരുന്നു.