ന്യൂഡല്‍ഹി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ പാര്‍ട്ടിക്കു സംഭവിച്ച പിഴവുകള്‍ സമ്മതിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശം. സര്‍ക്കാര്‍ തുടങ്ങിവെച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി സമൂഹത്തിനിടയില്‍ വിഷം ചീറ്റുന്നതാണ് രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125 ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹം കൊണ്ട് സ്വാതന്ത്ര്യം കൈവരിച്ച ഒരേയൊരു രാജ്യമായ ഇന്ത്യ ഇന്ന് ഭരിക്കുന്നത് രോഷാകുലരാണ് രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ ചെയ്യേണ്ട തെരുവ് വൃത്തിയാക്കല്‍ പ്രവൃത്തി പ്രയാസമൊന്നും കൂടാതെ നിര്‍വഹിച്ച് ഫോട്ടോക്ക് പോസ് ചെയ്യാന്‍ ചിലര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു സ്വച്ച് ഭാരത് പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനും പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, കോണ്‍ഗ്രസിന് ഒരിക്കലും അതിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞു.