തിരുവനന്തപുരം: കളമശ്ശേരി -കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്, സിബിഐ ചോദ്യം ചെയ്ത മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്, മുന്‍ കളക്ടര്‍ ഷേയ്ക്ക് പരീത് എന്നിവരുടെ മൊഴികള്‍ സര്‍ക്കാരിന് നിര്‍ണായകം.
സിബിഐ അറസ്‌റ്റോടെ സെന്‍സേഷനായ കേസില്‍ സിബിഐ ചോദ്യം ചെയ്യലില്‍ എന്ത് വിവരം പുറത്ത് വന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സര്‍ക്കാരിനും യുഡിഎഫിനും കനത്ത പ്രതിച്ഛായ നഷ്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.
അരുവിക്കരയില്‍ ജീവന്‍മരണ പോരാട്ടം നടക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയോ മറ്റ് മന്ത്രിമാരേയോ പ്രതിക്കൂട്ടിലാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ കസ്റ്റഡിയിലുള്ളവരും, ഇനി സിബിഐ ചോദ്യം ചെയ്ത സൂരജ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിക്കും. യുഡിഎഫ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതും ഇത് തന്നെയാണ്.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും, രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയ യുഡിഎഫ് നേതൃത്വത്തിന് അപ്രതീക്ഷിത വെല്ലുവിളിയാണ് സിബിഐയുടെ അപ്രതീക്ഷിത നീക്കം
ബാര്‍ കോഴ വിവാദം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെ കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് ഇടത് പക്ഷം പ്രചരണായുധമാക്കുന്നത് എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
മാധ്യമങ്ങള്‍ സിബിഐയുടെ പിന്നാലെ ഓടുന്നതിനാല്‍ സര്‍ക്കാരിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്ത് വരുമെന്ന ആശങ്കയും യുഡിഎഫിനുണ്ട്.
സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ് സര്‍ക്കാരുമായി ഉടക്കിലായ പശ്ചാത്തലത്തില്‍ ‘കൈവിട്ട’ കളിക്ക് മുതിരുമോയെന്ന ഭയം ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കുമുണ്ട്.
സൂരജിന്റെയും ഷേയ്ക്ക് പരീതിന്റെയും മൊഴികള്‍ സിബിഐ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്നാണ് ലഭിക്കുന്ന സൂചന.
തന്നെ കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്യിപ്പിച്ചതിന് പിന്നില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖാണെന്ന് ചാനലിന് മുന്‍പാകെ നേരത്തെ സലീം രാജ് തുറന്നടിച്ച സാഹചര്യത്തില്‍ സിബിഐ കസ്റ്റഡിയില്‍ സലീം രാജ് നല്‍കുന്ന മൊഴി നിര്‍ണ്ണായകമാകും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയാണ് ടി.സിദ്ദിഖ് എന്നത് സലീം രാജിന്റെ ആരോപണത്തിന്റെ പ്രസക്തിയാണ് വര്‍ധിപ്പിക്കുന്നത്.
മത്സര ചൂടില്‍ ഇളകി മറിയുന്ന അരുവിക്കരയില്‍ ഭൂമി തട്ടിപ്പിന്റെ ഓളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് യുഡിഎഫിനെ സംബന്ധിച്ച് ആശങ്കാജനകമാണ്.