തിരുവനന്തപുരം: പൊതുമരാമത്ത് – ജലവിഭവ ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത് 1994-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന ആഭ്യന്തരവകുപ്പിന്റെ വാദം പൊളിയുന്നു.
ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതികളായിട്ടും ഐ.ജി. ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാതെ നിയമവിരുദ്ധമായി സഹായിച്ച ആഭ്യന്തരവകുപ്പിന്റെ ഇരട്ട മുഖമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ശ്രീജിത്ത് നേരത്തെ മലപ്പുറം എം.എസ്.പി കമാന്‍ഡന്റായിരിക്കെ കാലിക്കറ്റ് സര്‍വ്വകലാശാല എം.എസ്.പി എഡ്യൂക്കേഷന്‍ കോംപ്ലക്‌സിന് അനുവദിച്ച ബി.എഡ് കോഴ്‌സിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തില്‍, പോലീസുകാരുടെ ആശ്രിതര്‍ക്ക് പ്രത്യേകം സംവരണം ചെയ്ത 10% സീറ്റില്‍ രണ്ട് സീറ്റുകളിലൊഴികെ മറ്റ് സീറ്റുകളില്‍ പിന്‍വാതില്‍ നിയമനം നല്‍കിയതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ നമ്പര്‍ ഇ10 (വി.ഇ 6/2003/എംപിഎം) 12057/2003 റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി 27-04-2006 ന് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയുമില്ലാതെ ശ്രീജിത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആഭ്യന്തര വകുപ്പ് ഇതു സംബന്ധമായ ഫയല്‍ ക്ലോസ്സ് ചെയ്യുകയായിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിജിലന്‍സ് ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ഉപയോഗിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ‘പ്രതിയുടെ’ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചത് കേരള ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമാണ്.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രമേശന്‍ നമ്പ്യാര്‍ ഫയല്‍ ചെയ്ത പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സിന്റെ പൂജപ്പുര യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ (എഫ്.ഐ.ആര്‍ നം. 6/2010) പി.സി. ആക്ട് 1988 പ്രകാരം യു എസ് 325, 342, 420, 465, 468 ആര്‍.ഡബ്ല്യു സെക്ഷന്‍ 34 ഓഫ് ഐ.പി.സി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ ഈ കേസിലും സര്‍വ്വീസില്‍ നിന്ന് ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.
ഇതിനുശേഷം എറണാകുളം വെണ്ണല ജനത റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകളും ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (1) ശ്രീജിത്തിനെതിരെ കേസെടുക്കുകയും (സി.സി നമ്പര്‍ 695/2008) ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കോടതി ചിലവ് ഇനത്തില്‍ ഈ ഉദ്യോഗസ്ഥനെ കൊണ്ട് 25,000 രൂപ പിഴ അടപ്പിച്ച് നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസിലും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മേധാവി നെറ്റോ ഡെസ്മണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ (ഡബ്ല്യു പി (സി)-നമ്പര്‍.18058 ഓഫ് 07) ഉത്തരവ് മുന്‍നിര്‍ത്തി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും രണ്ട് തവണ റിപ്പോര്‍ട്ട് (നമ്പര്‍. 80/ക്യാംപ് / എ.ഡി.ജി.പി- ക്രൈംസ്/08) നല്‍കിയിരുന്നു.
പിന്നീട് ശ്രീജിത്ത് കോട്ടയം എസ്.പി ആയിരിക്കെ ചങ്ങനാശ്ശേരി സ്വദേശിയായ ടൈറ്റസിനെ ചങ്ങനാശ്ശേരി സി.ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കുവൈറ്റില്‍ കൊണ്ടുപോയി ജയിലിലിട്ടടപ്പിച്ച പരാതിയിലെ ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു.
അന്നത്തെ എറണാകുളം റേഞ്ച് ഐ.ജി വിന്‍സന്‍ എം.പോള്‍, സംഭവിത്തില്‍ ശ്രീജിത്തിനെതിരെ നല്‍കിയ റിപ്പോര്‍ട്ടിന്‍മേലുള്ള (നമ്പര്‍.ബി 1/ 9198/08 ഇആര്‍)നടപടി ഒഴിവാക്കാന്‍ വിജിലന്‍സ് കേസില്‍ പ്രതിയായ എസ്.പിയെ കൊണ്ട് മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് നിയമവിരുദ്ധമായി ഉണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.
ഇക്കാര്യത്തില്‍ ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറായിരിക്കുന്ന വിന്‍സന്‍ എം പോളിന്റെ അഭിപ്രായം ഡി.ജി.പി തേടിയിരുന്നെങ്കിലും താന്‍ കണ്ടെത്തിയ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് വിന്‍സന്‍ പോള്‍ ചെയ്തത്. പരാതിക്കാരന്റെ ചെലവിലാണ് സി.ഐ കുവൈറ്റിലേക്ക് വിമാന ടിക്കറ്റ് അടക്കമുള്ളവ സംഘടിപ്പിച്ചതെന്ന ഗുരുതര കണ്ടെത്തലുകളും തെളിവുകളും അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഐ.ജി സമര്‍പ്പിച്ചിരുന്നു.
മുന്‍ കല്ലൂര്‍ക്കാട് എം.എല്‍.എ ജോസഫ് എം പുതുശ്ശേരി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
നിരവധി വര്‍ഷങ്ങളോളം ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടന്ന ഈ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയിടെയാണ് ബദല്‍ ‘റിപ്പോര്‍ട്ട്’ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ‘കരിച്ച് കളഞ്ഞത്’
ഈ നാല് ഗുരുതര സംഭവങ്ങളിലും ആഭ്യന്തരവകുപ്പും സര്‍ക്കാരും സസ്‌പെന്‍ഡ് ചെയ്യാതെയും വകുപ്പ്തല നടപടികള്‍ സ്വീകരിക്കാതെയും ശ്രീജിത്തിനെ സംരക്ഷിച്ചത് അദ്ദേഹം സര്‍ക്കാരിന് നല്‍കിയ വിശദീകരണം മാത്രം മുന്‍നിര്‍ത്തി കൂടിയാണ് എന്നതാണ് വിരോധാഭാസം.
ഒടുവില്‍ വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങിയാണ് ശ്രീജിത്ത് സസ്‌പെന്‍ഷനിലായത്. അതും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബദ്ധ ശത്രുവുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തി നടത്തിയത് കൊണ്ടുമാത്രം.
ഒടുവില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസില്‍ കയറ്റാനും മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് ക്രൈംബ്രാഞ്ചില്‍ നിയമിക്കാനും ഈ ഉദ്യോഗസ്ഥന്റെ ‘ട്രാക്ക് ഹിസ്റ്ററി’ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും തടസ്സമായതുമില്ല.
സസ്‌പെന്‍ഷന് ആധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മേധാവി അനന്തകൃഷ്ണന്‍ ശ്രീജിത്ത് ഗുരുതമായ തെറ്റ് ചെയ്തത് കണ്ടെത്തി ഡി.ജി.പി ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഈ റിപ്പോര്‍ട്ടും മറികടക്കാന്‍ മലപ്പുറം എസ്.പി ആയിരുന്ന ശശികുമാറിനെക്കൊണ്ട് നടപടിക്രമങ്ങള്‍ മറികടന്ന് ആഭ്യന്തര വകുപ്പ് ശ്രീജിത്തിന് അനുകൂലമായി മറ്റൊരു റിപ്പോര്‍ട്ട് വാങ്ങുകയായിരുന്നു.
പൊലീസ് ആസ്ഥാനമറിയാതെ ഇത്തരമൊരു റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് നല്‍കിയ എസ്.പിക്ക് ഡി.ജി.പി മെമ്മോ നല്‍കിയെങ്കിലും വകുപ്പ് മന്ത്രിയുടെ സ്വന്തക്കാരനായതിനാല്‍ ഇദ്ദേഹത്തെയും ആരും ‘തൊട്ടില്ല’.
തെറ്റുകള്‍ ചെയ്തിട്ട് അതില്‍ നിന്ന് രക്ഷപ്പെടുന്ന പഴയ ആ ചരിത്രം തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചത്.
മലപ്പുറം ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിജിലന്‍സ് എസ്.പി തന്നെ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ശ്രീജിത്തിനെതിരെ മൊഴി നല്‍കിയതും മോഹന്‍രാജിന്റെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയതും ഇക്കാര്യത്തിന് മറ്റൊരാളുടെ സിംകാര്‍ഡ് ഉപയോഗിച്ചതും ശ്രീജിത്ത് ചെയ്ത ഗുരുതര തെറ്റാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് മേധാവി അനന്തകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എ.ഡി.ജി.പിയുടെ ഈ അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി വീണ്ടും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടതിന് പകരം ഐ.ജിയായി പ്രമോഷന്‍ നല്‍കി ക്രൈംബ്രാഞ്ചിലേക്ക് നിയമിക്കുകയാണ് ക്ലീന്‍ ഇമേജുകാരനെന്ന് അവകാശപ്പെടുന്ന ആഭ്യന്തര മന്ത്രി ചെയ്തത്.
ക്രിമിനല്‍, വിജിലന്‍സ് കേസ് പ്രതികളായ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ചിലും വിജിലന്‍സിലും നിയമിക്കില്ലെന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങുന്നതിന്റെ തലേ ദിവസമായിരുന്നു ഈ നടപടി.
1994 ഏപ്രില്‍ 27-ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പൊതുമരാമത്ത് – ജലവിഭവ ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആധാരമെന്ന് പറയുന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയും, നിയമവിരുദ്ധ പ്രവര്‍ത്തി തുടര്‍ക്കഥയാക്കിയ ശ്രീജിത്തിനെതിരെ എന്തുകൊണ്ട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് തുറന്ന് പറയേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് രണ്ട് വകുപ്പുകളുടെയും തീരുമാനമെന്നാണ് സൂചന.