സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്. തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയർത്തി ബാങ്ക് ഭരിച്ച സിപിഎമ്മിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. സഹകരണ മേഖലയിൽ നടക്കുന്നത് സിപിഎം കൊള്ളയാണെന്നാണ് കെ സി വേണുഗോപാൽ എംപി ഉയർത്തുന്ന വിമർശനം. സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം ഒരു വിഭാഗത്തെ മാത്രം വേട്ടയാടാനുദ്ദേശിച്ചാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. നിയമത്തിന്റെ വഴിയിൽ തന്നെയാണെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിലകയറ്റം, തൊഴില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 5 കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ചിന്തൻ ശിബിരിൽ പ്രഖ്യാപിച്ചപോലെ തന്നെ കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.