ഇന്ത്യന്‍ വിപണിയില്‍ സാംസങ് ഗാലക്‌സി എസ് 5 ന്റെ വിലയില്‍ കുറവ് വരുത്തി. കഴിഞ്ഞ ഏപ്രിലില്‍ വിപണിയില്‍ എത്തിയ എസ് 5 ന്റെ വില കുത്തനെയാണ് സാംസങ് കുറച്ചത്. 51,500 രൂപയില്‍ നിന്നു 34,900 രൂപയായിട്ടാണ് കുറച്ചത്.
മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍, ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍, കൂടുതല്‍ സംരക്ഷണമുദ്യേശിച്ച് ഫിംഗര്‍ സ്‌കാനര്‍ എന്നിവയോടെയാണ് ഗാലക്‌സി എസ് 5 എത്തിയത്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഒപ്പം പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷിയും ഫോണിനുണ്ട്.
ടാബ്‌ലറ്റ് കമ്പ്യൂട്ടറിനും സ്മാര്‍ട്ട്‌ഫോണിനും മധ്യേയുള്ള ഫാബ്‌ലറ്റ് വിഭാഗത്തിലാണ് ഗാലക്‌സി എസ് 5 പെടുക. കാരണം എസ് 5 ഒരു 5.1 ഇഞ്ച് ഫോണാണ്. മിഴിവേറിയ ‘എഫ്.എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള ഡിസ്‌പ്ലേയാണിത്. 2.5 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്ത് ചില്ലറയൊന്നുമല്ല. ഒപ്പം 2 ജിബി റാമും, ആന്‍ഡ്രോയഡ് 4.4.2 (കിറ്റ്കാറ്റ്) പ്ലാറ്റ്‌ഫോമും കൂടിയാകുമ്പോള്‍ എസ് 5 മുമ്പന്‍മാരില്‍ മുമ്പന്‍ തന്നെ.
145 ഗ്രാം ഭാരമുള്ള ഫോണിന്റെ 16 ജിബി, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകളായാണ് എത്തുക. 64 ജിബി കാര്‍ഡുപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. ഗാലക്‌സി എസ് 5 ലുള്ളത് 16 മെഗാപിക്‌സല്‍ ക്യാമറയാണ്.