സാങ്കേതിക വിദ്യകളുടെ ദുരുപയോഗം സമൂഹത്തിന് നഷ്ടങ്ങള്‍ വരുത്തും: കമല്‍ഹാസന്‍

നൂതന സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനെതിരെ ആഞ്ഞടിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ രംഗത്ത്. സാങ്കേതിക വിദ്യയുടെ നല്ല ഗുണങ്ങള്‍ സ്വീകരിക്കേണ്ടതിനു പകരം മിക്കവരും ഇത് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഈ മനോഭാവം സമൂഹത്തിന് നഷ്ടങ്ങളേ ഉണ്ടാക്കൂവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സാങ്കേതിക വിദ്യ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഇനിയുമേറെ മെച്ചപ്പെടാനുമുണ്ട്. എന്നാല്‍ ഇത് നല്ല രീതിയില്‍ ഉപയോഗിക്കുന്നതിനു പകരം എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് ഗവേഷണം നടത്തുന്നവരാണ് വലിയൊരു വിഭാഗം. ഇത് വികസിത സമൂഹത്തിന് ഭൂഷണമല്ല. മൊബൈല്‍ ഫോണ്‍ വലിയ നേട്ടമാണ്. സ്മാര്‍ട്ട് ഫോണായപ്പോള്‍ നേട്ടം ഇരട്ടിയായി. എന്നാല്‍ ഇതിന്റെ ഗുണം പ്രയോജനപ്പെടുത്തുന്നതിന് പകരം ഒളിക്യാമറയുമായി പെണ്‍കുട്ടികളെ പിന്തുടരാനും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറാനുമാണ് പലരും ശ്രമിക്കുന്നതെന്നും ഉലകനായകന്‍ കുറ്റപ്പെടുത്തി.

സൈബര്‍ യുഗത്തില്‍ ജീവിക്കുമ്പോഴും നൂതന സാങ്കേതിക വിദ്യ പ്രയോജനകരമായി ഉപയോഗിക്കാന്‍ പലര്‍ക്കും അറിയില്ല. ഇത് തിരുത്തേണ്ട കാലം അതിക്രമിച്ചു. സമൂഹത്തിലെ ഗുണപരമായ മാറ്റങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ഏവരും ശ്രമിക്കണമെന്നും ആരാധകരോട് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു.

Top