ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടു. സാമ്പത്തിക ക്രമക്കേട് അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ട് അംഗ സമതിയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിനോദ നികുതയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഡിസംബര്‍ രണ്ട് മുതല്‍ ആറുവരെ നടക്കേണ്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് നഷ്ടപ്പെടുമെന്ന അവസ്ഥയ്ക്കു പിന്നാലെയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അടുത്ത പ്രഹരമേറ്റിരിക്കുന്നത്.
2008-2012 കാലഘട്ടത്തില്‍ വിനോദ നികുതിയായി നല്‌കേണ്ടിയിരുന്ന 24 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ചേതന്‍ ചൗഹാന്‍ പറഞ്ഞു.