സ്റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്. അന്വേഷണാത്മക പത്രപ്രവര്‍ത്തക, പക്ഷി നിരീക്ഷക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ച്.
നമ്മുടെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ലിഖിത രേഖയാണ് സ്വെറ്റ്‌ലാനയുടെ ബഹുസ്വരമായ രചനാ ശൈലിയെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി.
സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് 1948ല്‍ സ്വെറ്റ്‌ലാനയുടെ ജനനം. യുക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകള്‍. ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെറ്റ്‌ലാന. ഇതിനു മുമ്പ് 2013ല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോയ്ക്കായിരുന്നു ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സാഹിത്യ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മദിയാനോ സാഹിത്യ നൊബേല്‍ കരസ്ഥമാക്കി.