ഹാരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. സിംബാബ്‌വെയെ 83 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയത്. ഇന്ത്യ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 42.4 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി.
ഇന്ത്യക്കായി കന്നി സെഞ്ചുറിയുമായി തിളങ്ങിയ കേദാര്‍ ജാദവ് ആണ് കളിയിലെ താരം. അംബാട്ടി റായിഡുവാണ് പരമ്പരയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സെത്തിയപ്പോഴെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(15) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. കഴിഞ്ഞ കളിയിലെ താരം മുരളി വിജയ്ക്കും (13)അധികം ആയുസുണ്ടായില്ല. റോബിന്‍ ഉത്തപ്പയുടെ(31) ചെറുത്തു നില്‍പ്പ് അധികം നീണ്ടില്ല. മനോജ് തിവാരിയ്ക്കായകെട്ടെ(10)അവസരം മുതലെടുക്കാനുമായില്ല. 82 റണ്‍സെടുക്കുന്നിതിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ പതറുമ്പോഴാണ് മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ക്രീസില്‍ ഒത്തുചേര്‍ന്നത്.
മെല്ലെത്തുടങ്ങിയ ഇരുവരും ചേര്‍ന്ന് ആദ്യം ഇന്ത്യയെ അപകടഘട്ടത്തില്‍ നിന്ന് കരകയറ്റി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 144 റണ്‍സാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയായത്. 71 റണ്‍സെടുത്ത മനീഷ് പാണ്ഡെ പുറത്തായശേഷം അവസാന ഓവറുകളില്‍ സ്റ്റുവര്‍ട്ട് ബിന്നിയെ(എട്ട് പന്തില്‍ 18 നോട്ടൗട്ട്) കൂട്ടുപിടിച്ച് ആക്രമണം അഴിച്ചുപവിട്ട ജാദവ് കന്നി സെഞ്ചുറിയ്‌ക്കൊപ്പം ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു. 12 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതാണ് 87 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ജാദവിന്റെ ഇന്നിംഗ്‌സ്.
ഇന്ത്യയെ ഞെട്ടിക്കാനൊന്നും സിംബാബ്‌വെ തുനിഞ്ഞില്ല. 82 റണ്‍സെടുത്ത ചിബാബ മാത്രം പൊരുതി നോക്കി. 27 റണ്‍സെടുത്ത ചക്ബവയും 22 റണ്‍സെടുത്ത മുടുംബാമിയും പിന്തുണ നല്‍കിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ അത് മതിയായിരുന്നില്ല. ഇന്ത്യക്കായി സ്റ്റുവര്‍ട്ട് ബിന്നി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.