റെയ്‌നയുടെ സെഞ്ചുറി കരുത്തായി; സിംബാബ്‌വേയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു

ഓക്‌ലന്‍ഡ്: ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വേയെ ഇന്ത്യ ആറു വിക്കറ്റിനു പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് മത്സരത്തില്‍ ആറും ജയിക്കാന്‍ ഇന്ത്യക്കായി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 48.5 ഓവറില്‍ 287 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ സുരേഷ് റെയ്‌ന(110)യുടെ സെഞ്ചുറിയുടേയും ക്യാപ്റ്റന്‍ ധോണി നേടിയ 85 റണ്‍സിന്റെയും പിന്‍ബലത്തില്‍ 48.4 ഓവറില്‍ ലക്ഷ്യം കണ്ടു.

ബ്രണ്ടന്‍ ടെയ്‌ലര്‍ക്കു വിജയത്തോടെ വിട നല്‍കാന്‍ സിംബാബ്‌വേയ്ക്കായില്ല. രോഹിത് ശര്‍മ്മ (16), ശിഖര്‍ ധവാന്‍ (4), വിരാട് കോഹ്‌ലി (38), അജിങ്ക്യ രഹാനെ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. 92 റണ്‍സ് എടുക്കുന്നതിനിടയിലാണ് ഇന്ത്യക്കു നാലു വിക്കറ്റുകള്‍ നഷ്ടമായത്.

അവസാന മത്സരം കളിച്ച ടെയ്‌ലറുടെ സെഞ്ചുറിയായിരുന്നു സിംബാബ്‌വേ ഇന്നിംഗ്‌സിന്റെ സവിശേഷത. 110 പന്തില്‍ 15 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ 138 റണ്‍സ് നേടിയാണ് ടെയ്‌ലര്‍ മടങ്ങിയത്. ഏകദിനത്തിലെ ടെയ്‌ലറുടെ എട്ടാം സെഞ്ചുറിയാണിത്.

മൂന്ന് സിക്‌സും മൂന്ന് ഫോറും അടക്കം 50 റണ്‍സ് നേടിയ ഷോണ്‍ സിംബാബ്‌വേ നിരയില്‍ തിളങ്ങി. ടെയ്‌ലര്‍-വില്യംസ് സഖ്യം നാലാം വിക്കറ്റില്‍ 93 റണ്‍സ് സ്‌കോര്‍ ചെയ്തു. ക്രയ്ഗ് എര്‍വിന്‍ (27), സിക്കന്ധര്‍ റാസ (28) എന്നിവരും അവസാന ഓവറുകളില്‍ സ്‌കോറിംഗിന് വേഗം കൂട്ടി. ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ആര്‍.അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.

Top