അടൂര്‍: എസ്എന്‍ഡിപി യോഗ-ബിജെപി കൂട്ടുകെട്ടിനെതിരെ സിപിഎം പ്രതിഷേധം പുതിയ തലത്തില്‍.
മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരെ പ്രതിഷേധമുയര്‍ത്തിയ അംഗങ്ങള്‍ എസ്എന്‍ഡിപി അടൂര്‍ യൂണിയന്‍ നേതൃസംഗമം അലങ്കോലമാക്കി.
ഈ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന തുഷാര്‍ വെള്ളാപ്പള്ളി സംഘര്‍ഷം കണക്കിലെടുത്ത് യോഗത്തില്‍ പങ്കെടുക്കാതെ വഴിക്കുവച്ചുതന്നെ മടങ്ങി.
ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നും യോഗ നേതൃത്വത്തിന്റെ നിലപാട് മൂലം 5000-ത്തോളം സ്ത്രീകള്‍ ജപ്തി ഭീഷണി നേരിടുകയാണെന്നുമാണ് എസ്എന്‍ഡിപി യോഗം വനിതാ പ്രവര്‍ത്തകര്‍ പറയുന്നത്.
സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപിയുമായി കൂട്ടുകൂടിയ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ നിന്ന് തെറുപ്പിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ആരോപണമുണ്ട്.
അടൂര്‍ മാതൃകയില്‍ സംസ്ഥാന വ്യാപകമായി യോഗഘടകങ്ങളില്‍ പ്രതിഷേധമുയരുമെന്നാണ് സൂചന.
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളിയും ബന്ധുക്കളുമാണെങ്കിലും കീഴ്ഘടകങ്ങളിലും അണികളിലും ബഹുഭൂരിപക്ഷവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് അനുഭാവമുള്ളവരാണ്.