എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും പിണറായിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം

തിരുവനന്തപുരം:സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും രൂക്ഷ വിമര്‍ശനം. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഏറെ പിന്നോട്ട് പോയതായാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.

വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐക്കും യുവജന വിഭാഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐക്കും സാധ്യതയ്ക്കനുസരിച്ച് വളര്‍ച്ച കൈവരിക്കാന്‍ പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സമരരംഗത്ത് സജീവമാകാത്തതും ഏറ്റെടുത്ത സമരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയാത്തതും വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയായതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഘടനാ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടേക്കും. നേരത്തെ പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ പിണറായി പേരെടുത്ത് വിമര്‍ശിച്ചിരുന്നു. മെമ്പര്‍ഷിപ്പ് രംഗത്തെ തിരിച്ചടിയും സംഘടനാ പ്രവര്‍ത്തനത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി യുവജന നേതൃത്വത്തെ പാര്‍ട്ടി സെക്രട്ടറി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.

സിപിഎമ്മിലേക്ക് കേഡറുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിര്‍ണായക സംഭാവന ചെയ്യുന്ന എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും സംഭവിച്ച ക്ഷീണമാണ് പാര്‍ട്ടിയെയും ബാധിച്ചതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും സെന്ററിലും വിമര്‍ശനമുയര്‍ന്നിരുന്നു.

ഇടത് മുന്നണിയുടെയും പാര്‍ട്ടിയുടെയും സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് സമ്മേളനത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായിരിക്കെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളുടെ നിഷ്‌ക്രിയത്വമാണ് ഇതിനെല്ലാം പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടാനാണ് പിണറായി സംഘടനാ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നാണ് സൂചന.

എസ്എഫ്‌ഐയുടെ ചുമതലക്കാരനായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനും ഡിവൈഎഫ്‌ഐയുടെ ചുമതലക്കാരനായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഇക്കാര്യങ്ങളില്‍ മറുപടിപറയേണ്ടിവരും.

പാര്‍ട്ടിയുടെ അമിതമായ ഇടപെടലുകളാണ് എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും പ്രവര്‍ത്തനത്തിന് തടസമെന്ന് വിവിധ ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലയില്‍ പാര്‍ട്ടി ചുമതലക്കാരന്റെ ഇടപെടലാണ് എസ്എഫ്‌ഐക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ നിരാഹാര സമരം അനന്തമായി നീണ്ടതും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കനത്ത തിരിച്ചടി ഏല്‍ക്കേണ്ടി വന്നതും പാര്‍ട്ടി ചുമതലക്കാരന്റെ ‘നിയന്ത്രണ’ങ്ങളായിരുന്നുവെന്നാണ് ആരോപണം.

ഇതിന് സമാനമായ വികാരമാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നിലവിലുള്ളത്.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ ഇക്കാര്യങ്ങള്‍ തുറന്ന് കാട്ടി വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാണ് സാധ്യത.

പഠിപ്പ് മുടക്ക് സമരം കാലഹരണപ്പെട്ടതാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെയും പ്രതിനിധികളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടാകും. പാര്‍ട്ടി പ്ലീനത്തില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചതും അത് ന്യായീകരിച്ച് ഇ.പി ജയരാജന്‍ പിന്നീട് രംഗത്ത് വന്നതും പൊതു ചര്‍ച്ചയില്‍ ഇ.പി ജയരാജനെ പ്രതിരോധത്തിലാക്കും.

Top