യുവജന – വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക്

ആലപ്പുഴ: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയതായി ഏഴ് അംഗങ്ങള്‍ വരുമെന്ന് ഉറപ്പായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എന്‍ ശിവദാസന്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനന്‍ മാസ്റ്റര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു എന്നിവരാണ് പുതിയതായി സംസ്ഥാന കമ്മിറ്റിയിലേക്ക് വരുന്നത്.

നിലവില്‍ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായ പാലക്കാട് എം.പിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എം.ബി രാജേഷിനെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തും. വര്‍ഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളാകണമെന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അതേപടി നടപ്പാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

പുതിയ കമ്മിറ്റിയെ പരിഗണിക്കാന്‍ വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍ദേശം അവതരിപ്പിക്കും. തുടര്‍ന്ന് കമ്മിറ്റി ഐക്യകണ്ഠമായി പുതിയ കമ്മറ്റിക്ക് അനുമതി നല്‍കുമെന്നാണ് സൂചന.

പുതിയ പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമിതി മുന്‍പാകെ നിര്‍ദേശിക്കും. ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ കേന്ദ്ര നേതൃത്വം ഇടപെടും. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയാകാനാണ് സാധ്യത.

പ്രകാശ് കാരാട്ടിന് പുറമെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, സീതാറാം യച്ചൂരി, വൃന്ദാ കാരാട്ട്, തൃപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ തുടങ്ങിയ ഉന്നത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘടനാ റിപ്പോര്‍ട്ട് പ്രകാശ് കാരാട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ട് പിണറായി വിജയനും അവതരിപ്പിക്കും.

85 പേരാണ് പുതിയ കമ്മിറ്റിയിലുണ്ടാവുക. നടപടിക്ക് വിധേയനായി പുറത്ത് പോയ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, പി.കെ ചന്ദ്രാനന്ദന്‍, എം ഉമ്മര്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്നിട്ടുള്ള രണ്ടെണ്ണം കൂടി കൂട്ടിയാല്‍ മൂന്ന് ഒഴിവുകള്‍ ഇപ്പോള്‍ തന്നെ സംസ്ഥാന കമ്മറ്റിയിലുണ്ട്.

മാത്രമല്ല മുന്‍ സിഐടിയു ജനറല്‍ സെക്രട്ടറി എം.എം ലോറന്‍സ് ഉള്‍പ്പെടെയുള്ള ചിലരെ അനാരോഗ്യം കണക്കിലെടുത്ത് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്നും ഉറപ്പാണ്. കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തില്‍ 12 പുതുമുഖങ്ങളാണ് സംസ്ഥാന കമ്മറ്റിയിലേക്ക് പുതിയതായി വന്നത്. ഈ സമ്മേളന കാലയളവില്‍ കാല്‍ ലക്ഷത്തോളം അംഗങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ അതിന് ആനുപാതികമായി സംസ്ഥാന കമ്മറ്റിയുടെ അംഗസംഖ്യ കൂട്ടണമെന്ന താല്‍പര്യം സംസ്ഥാന നേതൃത്വത്തിനുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് നിര്‍ണായകമാവുക.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ കത്തും ഈ കത്ത് മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ട നടപടിയും സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വിഴിമരുന്നിടുമെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തില്‍ വി.എസിനെതിരെ ശക്തമായി പ്രതിനിധികള്‍ ആഞ്ഞടിക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മറ്റിക്കയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ വി.എസ് ശ്രമിച്ചു എന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വികാരം.

Top