തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിക്കന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ആം ആദ്മി പാര്‍ട്ടി! ബിജെപിയെയും മോഡിയെയും നിലംപരിശാക്കി രാജ്യത്തെ പ്രതിപക്ഷത്തിന് ജീവവായു നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മിപാര്‍ട്ടിയുമായിരിക്കും സിപിഎം സമ്മേളനത്തിലെ ചര്‍ച്ചകളില്‍ നിറയുക.
ഒരു കമ്യൂണിസ്റ്റുകാരന്റെ സ്വപ്നങ്ങളും പൊതു സമൂഹത്തിലെ ഇടപെടലുകളുമാണ് പ്രത്യയ ശാസ്ത്ര പിന്‍ബലമില്ലാതെ ആം ആദ്മി പാര്‍ട്ടി നടപ്പാക്കുന്നതെന്ന വികാരം സിപിഎം അണികളിലും നേതാക്കളിലും ഇപ്പോള്‍ തന്നെ ശക്തമാണ്. പാര്‍ട്ടി പരിപാടികളില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താതെ ‘പ്രത്യയ ശാസ്ത്രം’ കെട്ടിപ്പിടിച്ച് കിടന്നാല്‍ പൊടിപോലും കാണില്ലെന്ന നിലപാടുകളിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചകളില്‍ പ്രവര്‍ത്തകരുടെ വികാരം പ്രകടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നേതാക്കള്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ മുന്നേറ്റം വെറുമൊരു ഒറ്റയാന്‍ വിജയമായി കാണാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല.
കമ്യൂണിസ്റ്റ് മാതൃകയില്‍ താഴെത്തട്ട് മുതല്‍ ജനങ്ങളുമായി ഇടപെട്ട് അവരുമായി സംവദിച്ച് അവരുടെ വികാരമുള്‍ക്കൊണ്ട് മുന്നോട്ട് പോയതാണ് ഇത്രവലിയ വിജയത്തിന് ആം ആദ്മി പാര്‍ട്ടിയെ പ്രാപ്തമാക്കിയതെന്നാണ് സിപിഎമ്മിന്റെ കീഴ്ഘടകങ്ങളുടെ വിലയിരുത്തല്‍. പാര്‍ട്ടിക്ക് നഷ്ടമാകുന്ന മൂല്യങ്ങള്‍ തിരികെ കൊണ്ടുവരുന്നതിന്റെ ചരിത്രപരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഡല്‍ഹി വിജയം കാണിച്ച് തരുന്നതെന്ന യാഥാര്‍ത്ഥ്യം സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ ചര്‍ച്ചയില്‍ പ്രതിനിധികള്‍ മുന്നോട്ട് വയ്ക്കും.
നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലളിതമായ ജീവിതം, അഹങ്കാരമില്ലാത്ത ഇടപെടല്‍, പൊതു പ്രശ്‌നങ്ങളിലെ സജീവമായ സാന്നിധ്യം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സംസ്ഥാന സമ്മേളനത്തിലുണ്ടാകുമെന്നാണ് സൂചന.
ഡല്‍ഹി വിജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുന്നതിന്റെ ‘ഭീക്ഷണിയും’സിപിഎം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ട് ചില മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി നേടിയ സാഹചര്യത്തില്‍ ഇനി വോട്ട് വര്‍ദ്ധിപ്പിക്കാനും ശക്തമായ സാന്നിധ്യമാകാനും അരവിന്ദ് കെജ്‌രിവാളിനും സംഘത്തിനും കഴിയുമെന്ന നിഗമനത്തിലാണ് സിപിഎം.
സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ സാറാ ജോസഫ്, നീലകണ്ഠന്‍, എം.എന്‍ കാരശ്ശേരി, സക്കറിയ, മുകുന്ദന്‍ തുടങ്ങിയവര്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി രംഗത്ത് വരുന്ന സാഹചര്യമുയര്‍ത്തുന്ന വെല്ലുവിളികളും സിപിഎം ചര്‍ച്ചചെയ്യും. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുകളിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി നിര്‍ണായക ശക്തിയായി മാറാനുള്ള സാഹചര്യവും പാര്‍ട്ടി തള്ളിക്കളയുന്നില്ല.
തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ തന്നെ നേരിട്ടെത്തി സംസ്ഥാനത്ത് തമ്പടിച്ചാല്‍ അത് ഇടതുപക്ഷ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയ്ക്കിടയാക്കുമെന്ന ഭീതിയും സിപിഎമ്മിനുണ്ട്.
അസംതൃപ്തരായ പാര്‍ട്ടി അണികളും അനുഭാവികളും ആം ആദ്മി പാര്‍ട്ടിയോട് അടുക്കാതെയിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന നിര്‍ദേശം സമ്മേളനത്തിന് ശേഷം കീഴ്ഘടകങ്ങള്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വ്യക്തമാക്കുമെന്നാണ് സൂചന.