സിപിഐ സമ്മേളനത്തില്‍ ആവേശമാകാന്‍ വി.എസ്; ഇടത് ബദലിന്‌ അണിയറ നീക്കം

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 28ന് കോട്ടയത്ത് ചേരുന്ന സെമിനാര്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ് അച്യുതാനന്ദന്‍ സിപിഐ സമ്മേളന പ്രതിനിധികള്‍ അടക്കമുള്ള ജനസമൂഹത്തിന് മുന്നില്‍ എന്താണ് പറയുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുള്ളവനെന്ന സിപിഎം പാര്‍ട്ടി സമ്മേളന പ്രമേയത്തിന് ബദലായി ഇടത് പക്ഷത്തിന്റെ അമരക്കാരനായി വി.എസിനെ പ്രകീര്‍ത്തിച്ച് സിപിഐ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്. വി.എസിനെ കടന്നാക്രമിച്ച സിപിഎം സമ്മേളന പ്രതിനിധികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ സിപിഐ സമ്മേളനത്തില്‍ പ്രതിനിധികള്‍ തയ്യാറാകുമെന്നാണ് സൂചന.

സിപിഎം നേതൃത്വത്തിന്റെ ‘ധിക്കാരത’ചൂണ്ടിക്കാട്ടുന്ന പൊതുചര്‍ച്ചയില്‍ വി.എസിനെ പ്രകീര്‍ത്തിക്കാനാണ് ആലോചന. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഎമ്മിനെതിരായ ഈ ഒളിയമ്പ് തൊടുക്കുന്നത്.

വി.എസ് അച്യുതാനന്ദന്‍ ഇല്ലാത്ത ഇടതുപക്ഷ മുന്നേറ്റം കേരളത്തില്‍ അസാധ്യമാണെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തനിക്കെതിരായ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്ന് അടുപ്പക്കാരായ നേതാക്കളോടും അനുയായികളോടും വി.എസ് ഇതിനകം തുറന്ന് പറഞ്ഞിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കുഞ്ഞനന്ദനെയും ട്രൗസര്‍ മനോജിനെയും പുറത്താക്കാത്തത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന കാര്യത്തിലും വി.എസ് ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സിപിഐക്കുള്ളതെങ്കിലും മുന്നണി മര്യദയുടെ പേരില്‍ പരസ്യമായി പ്രതികരിക്കാന്‍ അവര്‍ തയ്യാറല്ല.

നേതൃത്വത്തിന്റെ ഈ നിസംഗത സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമാകുമോയെന്ന ഭയം നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ശക്തമാണ്. വി.എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന എഐടിയുസി നേതാവ് കാനം രാജേന്ദ്രനാണ് പുതിയ സിപിഐ സെക്രട്ടറിയാകാന്‍ സാധ്യയുള്ളത്.

സിപിഎമ്മില്‍ നിന്ന് പുറത്ത് പോകേണ്ട സാഹചര്യം അനിവാര്യമായതിനാല്‍ ഇടതുപക്ഷ കക്ഷികളുടെ പുനരേകീകരണം വി.എസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

ഇപ്പോള്‍ യുഡിഎഫിലുള്ള ആര്‍എസ്പി, വീരേന്ദ്ര കുമാറിന്റെ ജനതാ പരിവാര്‍, ആര്‍എംപി തുടങ്ങിയ ബദല്‍ ഇടതുപക്ഷത്തില്‍ സിപിഐയുടെ നിര്‍ണായക സാന്നിധ്യവും വി.എസ് ആഗ്രഹിക്കുന്നുണ്ടെന്നാണ് വി.എസുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഡല്‍ഹിയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും വെട്ടി നിരത്തി ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതയും വി.എസ് പരിശോധിക്കുന്നുണ്ട്. വി.എസ് അനുഭാവികളായ എഴുത്തുകാരി സാറാ ജോസഫും പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠനുമാണ് ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാന നേതാക്കള്‍.

വി.എസ് നിലപാട് വ്യക്തമാക്കിയാല്‍ സാക്ഷാല്‍ അരവിന്ദ് കെജ്‌രിവാളിനെ തന്നെ തലസ്ഥാനെത്തിച്ച് വി.എസുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

മുന്നണി രാഷ്ട്രീയത്തിന്റെ ‘ഉരക്കല്ലായ’കേരളത്തില്‍ സമാന ചിന്താഗതിക്കാരായ ഇടത് പാര്‍ട്ടികളോട് സഹകരിക്കാനും വേണ്ടിവന്നാല്‍ തങ്ങള്‍ തയ്യാറാണെന്നാണ് ആം ആദ്മി നേതാക്കളുടെ വിശദീകരണം. ഇക്കാര്യത്തില്‍ വി.എസിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുഡിഎഫ് നേതൃത്വം വി.എസ്, സിപിഎം വിടുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാ തെരെഞ്ഞെടുപ്പും നടത്താമെന്ന നിലപാടിലാണ്. മുസ്ലീം ലീഗിനുള്ളിലാണ് ഇത്തരമൊരാവശ്യം ഇപ്പോള്‍ ശക്തമായിട്ടുള്ളത്.

വി.എസിന്റെ വെല്ലുവിളി സംഘടനാ സംവിധാനം വഴി തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ സിപിഎം അതിജീവിച്ചാല്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന കണക്കു കൂട്ടലിനെ തുടര്‍ന്നാണിത്. പ്രാദേശിക സംഭവ വികാസങ്ങളാണ് തദ്ദേശ തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാവുകയെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സപിഐ സെമിനാറിലോ നിയമസഭാ സമ്മേളനത്തിന് മുന്‍പൊ വി.എസ് രാഷ്ട്രീയ സസ്‌പെന്‍ഷന് വിരാമമിടുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.

Top