സിയാസിന്റെ സെഡ് പ്ലസ് പുറത്തിറക്കി

മാരുതി സുസുക്കി ഇടത്തരം സെഡാനായ സിയാസിന്റെ മുന്തിയ വകഭേദം സെഡ് പ്ലസ് പുറത്തിറക്കി. സെഡ് (ഒ) മോഡലിനു പകരക്കാരനായാണു സെഡ് പ്ലസിന്റെ വരവ്.

സെഡ്(ഒ) മോഡലിലുള്ള സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ സ്മാര്‍ട് പ്ലേ എന്നു പേരിട്ട ഏഴ് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം ലഭ്യമാവും. ഉപഗ്രഹ നാവിഗേഷന്‍, ബ്ലൂ ടൂത്ത്, സ്മാര്‍ട് ഫോണ്‍ ഇന്റഗ്രേഷന്‍, വോയ്‌സ് കമാന്‍ഡ് എന്നിവയൊക്കെ സംഗമിക്കുന്ന സ്മാര്‍ട് പ്ലേ റിവേഴ്‌സ് കാമറയുടെ സ്‌ക്രീനായും പ്രവര്‍ത്തിക്കും. ഇതോടൊപ്പം ലതര്‍ സീറ്റുകളും ലതര്‍ പൊതിഞ്ഞ സ്റ്റീയറിങ് വീലുമാണു സെഡ് പ്ലസിലുള്ളത്.

സിയാസിന്റെ സെഡ് എക്‌സ് ഐ പ്ലസിന് 9.08 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂമില്‍ വില; ഡീസല്‍ എന്‍ജിനുള്ള സെഡ് ഡി ഐയ്ക്ക് 10.37 ലക്ഷം രൂപയാണു വില.

വിവിധോദ്ദേശ്യ വാഹനമായ എര്‍ട്ടിഗയില്‍ ഇടംപിടിക്കുന്ന എന്‍ജിനുകള്‍ തന്നെയാണു സിയാസിനും കരുത്തേകുന്നത്: 1.4 ലീറ്റര്‍ കെ 10 ബി പെട്രോളും ഫിയറ്റില്‍ നിന്നു കടമെടുത്ത 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസലും. പെട്രോള്‍ എന്‍ജിന് 91 ബി എച്ച് പി കരുത്തും 130 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ഡീസല്‍ എന്‍ജിനാവട്ടെ 89 ബി എച്ച് പി വരെ കരുത്തും 200 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക.

പെട്രോള്‍ സിയാസിന് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത ലീറ്ററിന് 20.7 കിലോമീറ്ററാണ്; ഡീസല്‍ എന്‍ജിനാവട്ടെ 26.2 കിലോമീറ്ററും. മെച്ചപ്പെട്ട പ്രകടനത്തിനായി സിയാസിലെ പെട്രോള്‍ എന്‍ജിന്റെ ഇ സി യു മാരുതി സുസുക്കി റീമാപ് ചെയ്തിട്ടുണ്ട്.

അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണു ട്രാന്‍സ്മിഷന്‍; കൂടാതെ പെട്രോള്‍ എന്‍ജിനൊപ്പം ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്‌സും ലഭ്യമാണ്.

Top