സിറിയന്‍ ആഭ്യന്തര കലാപം നാലു വര്‍ഷം പിന്നിട്ടു; യു.എന്‍ രക്ഷാസമിതി പരാജയമെന്ന് വിമര്‍ശനം

ജനീവ: സിറിയന്‍ പസിഡന്റ് ബസ്സാര്‍ അല്‍അസദിനെതിരായ ജനകീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക് വഴിമാറി നാലുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതില്‍ യു.എന്‍ രക്ഷാസമിതി പരാജയമെന്ന് വിമര്‍ശനം. ലോകത്തെ പ്രമുഖരായ 21 സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭയുടെ നടപടികളെ പൊതുവായും രക്ഷാസമിതിയെ സവിശേഷമായും കുറ്റപ്പെടുത്തുന്നത്. ഇന്റര്‍നാഷനല്‍ റെസ്‌ക്യൂ കമ്മിറ്റി, നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍, ഹാന്‍ഡികാപ് ഇന്റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സിറിയന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രക്ഷാസമിതി പാസാക്കിയ മൂന്ന് പ്രമേയങ്ങളില്‍ ഒന്നില്‍പോലും നടപടിയുണ്ടായില്ല. ഇതിനിടയില്‍ രാജ്യത്ത് സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സിറിയയില്‍ 80 ശതമാനം ആളുകളും കൊടിയ ദാരിദ്ര്യത്തിലേക്ക് വഴുതിവീണെന്ന് സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാലുവര്‍ഷത്തെ സംഘര്‍ഷം 20,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. 30 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായത്. മറ്റൊരര്‍ഥത്തില്‍, ഒന്നേകാല്‍ കോടി ആളുകളുടെ വരുമാനം നിലച്ചു.

കലാപം തുടങ്ങുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ 60 ശതമാനത്തിലത്തെി. സിറിയയിലെ ജനസംഖ്യയെയും സംഘര്‍ഷം കാര്യമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുവര്‍ഷത്തിനിടെ, ജനസംഖ്യയില്‍ 15 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രണ്ടുകോടിയിലധികം ആളുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1.76 കോടിയാണ് ജനസംഖ്യ. ഇതില്‍ ആറുശതമാനം പേര്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം രണ്ടേ കാല്‍ ലക്ഷം കവിഞ്ഞിട്ടുണ്ട്.

നിലവില്‍, ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹം പലസ്തീനികളാണ്. ലോകത്തിന്റെ പലയിടങ്ങളിലായി 33 ലക്ഷത്തോളം പലസ്തീനി അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. നാലുവര്‍ഷത്തിനിടെ, സിറിയയില്‍നിന്ന് ഇതര രാഷ്ട്രങ്ങളില്‍ അഭയം തേടിയവരുടെ എണ്ണം 16 ലക്ഷത്തിനടുത്താണ്. ഇതിനുപുറമെ, മുക്കാല്‍ കോടിയോളം പേര്‍ വീടുവിട്ട് ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top