ഐഎസിന് എതിരായ സൈനിക നടപടിക്ക് റഷ്യയും അണിനിരക്കുന്നു

മോസ്‌കോ: സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന് എതിരായ പോരാട്ടത്തില്‍ റഷ്യയും. ഇതുമായി ബന്ധപ്പെട്ട പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രമേയത്തിന് റഷ്യന്‍ നിയമനിര്‍മാണ സഭ അനുമതി നല്‍കി. സിറിയയില്‍ സൈനിക നടപടിക്ക് റഷ്യയും അണിനിരക്കുമെന്ന് ചീഫ് ഓഫ് സ്റ്റാഫ് സെര്‍ഗി ഇവാനോവ് അറിയിച്ചു.

സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന് എതിരായ രാജ്യാന്തര ശ്രമങ്ങളില്‍ റഷ്യയും പങ്കാളികളാവുമെന്ന് നേരത്തെ പുടിന്‍ ഐക്യരാഷ്ട്ര സഭയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് റഷ്യന്‍ നിയമനിര്‍മാണ സഭ ഇക്കാര്യം ചര്‍ച്ച ചെയ്തത്.

റഷ്യന്‍ വ്യോമ സേനയായിരിക്കും സിറിയയിലേക്ക് പോവുകയെന്നും പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ക്ഷണപ്രകാരമായിരിക്കും അതെന്നും ഇവാനോവ് അറിയിച്ചു. എത്രകാലത്തേക്കായിരിക്കും സൈനിക നടപടി എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

നിരവധി റഷ്യക്കാര്‍ സിറിയയില്‍ ചെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റിനൊപ്പം പ്രവര്‍ത്തിച്ച് റഷ്യയില്‍ മടങ്ങിയെത്തുന്നുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും ഇവാനോവ് പറഞ്ഞു. റഷ്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും സൈനിക നടപടി നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

Top