സിറ്റിസണ്‍ ഫോറിന് മികച്ച ഡോക്യുമെന്ററി പുരസ്‌കാരം

ലോസാഞ്ജലസ്: ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി അസോസിയേഷന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് സിറ്റിസണ്‍ ഫോറിന് ലഭിച്ചു. മികച്ച ഡോക്യുമെന്ററികള്‍ക്ക് നല്‍കി വരുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് എഡ്വേര്‍ഡ് സ്‌നോഡന്റെ ജീവിതത്തെ ആസ്പദമാക്കി ലോറ പൊയ്ട്രസ് സംവിധാനം ചെയ്ത സിറ്റിസണ്‍ ഫോറത്തിന് ലഭിച്ചത്.

അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ജീവനക്കാരനുമായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തുവിടുന്നതും തുടര്‍ന്ന് ഹോങ്കോംഗിലെ ഹോട്ടലില്‍ ഒളിവില്‍ താമസിക്കുന്നതടക്കമുള്ള സ്‌നോഡന്റെ സംഭവബഹുലമായ ജീവിതമാണ് ഡോക്യുമെന്ററി ദൃശ്യവത്കരിക്കുന്നത്.

‘സിറ്റിസണ്‍ഫോര്‍’ നെ തേടിയെത്തുന്ന രണ്ടാമത്തെ അവാര്‍ഡാണിത്. നേരത്തെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ഓസ്‌കാറിനായി മത്സരിക്കുന്ന 15 ഡോക്യുമെന്ററികളിലും ‘സിറ്റിസണ്‍ ഫോര്‍’ ഉള്‍പ്പെട്ടിട്ടുണ്ട്.

സ്‌നോഡന്‍ വെളിപ്പെടുത്തിയ രഹസ്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിന് ലോറ പൊയ്ട്രസിന് ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിരുന്നു.

Top