അമല കൊലക്കേസില്‍ പൊലീസ് ‘തിരക്കഥ’ ആര്‍ക്കുവേണ്ടി..? പ്രതീക്ഷ സിബിഐയില്‍

കോട്ടയം: സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി പത്മകുമാര്‍ പുറത്തുവിട്ട വിവരങ്ങള്‍ യുക്തിക്ക് നിരക്കാത്തത്.

പ്രായമായ കന്യാസ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവ വൈകല്യമുള്ളയാളാണ് പ്രതി സതീഷ് ബാബുവെന്ന് പറഞ്ഞ എ.ഡി.ജി.പി പല യാഥാര്‍ത്ഥ്യങ്ങളും വിഴുങ്ങിയാണ് പത്രസമ്മേളനം നടത്തിയത്.

കൊലപാതക ശേഷം പ്രതി മഠത്തില്‍ വന്നിരുന്നെന്നും മുറിയില്‍ നിന്നും മണം പിടിച്ച പോലീസ് നായ പ്രതി സതീഷ് നിന്ന ഭാഗത്തേക്ക് ഓടിയപ്പോള്‍ അയാള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഒരു വാദം.

എന്നാല്‍ പോലീസ് നായക്കൊപ്പം ഓടുന്ന പോലീസുകാര്‍ ഇങ്ങനെ പോലീസ് നായ ലക്ഷ്യം വെക്കുന്ന ആളെ പിടികൂടാതെയിരുന്നത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് പക്ഷേ ഉത്തരമില്ല.

റിപ്പര്‍ മോഡല്‍ കൊലപാതക സ്റ്റോറി പറഞ്ഞ എ.ഡി.ജി.പി ഒരു പ്രത്യേക പ്രായം കഴിഞ്ഞ സ്ത്രീകളെ തലയ്ക്കടിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ആളാണ് പ്രതി എന്ന് പറഞ്ഞതിലുമുണ്ട് പൊരുത്തക്കേട്.

പ്രതി സതീഷ് മറ്റ് ഏതെങ്കിലും കന്യാസ്ത്രീകളെ തലക്കടിച്ച് കൊന്ന കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഇയാള്‍ക്ക് ഏതെങ്കിലും തരത്തില്‍ മനോ വൈകല്യമുണ്ടെന്ന് ഇയാള്‍ സഹോദരനുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നുമില്ല. ചാനലുകള്‍ പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തില്‍ വളരെ കൂളായാണ് സതീഷ് സഹോദരനോട് സംസാരിക്കുന്നത്.

അമലയുടെ തലക്കടിച്ച് കൊന്നുവെന്ന് പറയുന്ന ആയുധത്തിന്റെ കാര്യത്തിലും പോലീസിന്റെ നിലപാട് സംശയകരമാണ്. ഇരുമ്പ് കമ്പി പോലുള്ള ആയുധം കൊണ്ടാണ് തലക്കടിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവത്തിന് മൂന്ന് ദിവസത്തിനുശേഷം കോണ്‍വെന്റില്‍ നിന്നും രക്തക്കറയുള്ള മണ്‍വെട്ടി കിട്ടിയത് സംബന്ധിച്ചും ഇപ്പോള്‍ നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്.

ഒരു കൊലപാതകം നടന്നാല്‍ സംഭവസ്ഥലം അരിച്ച് പെറുക്കുന്ന പോലീസിന് മൂന്ന് ദിവസത്തിനുശേഷമാണ് രക്തക്കറ പുരണ്ട മണ്‍വെട്ടി കിട്ടിയത് എന്ന് പറയുന്നതിലുമുണ്ട് ദുരുഹത. അതും എവിടെയെങ്കിലും കുഴിച്ചിടാതെ കോണ്‍വെന്റില്‍ നിന്ന് ‘ഭദ്ര’ മായാണ് തൊണ്ടി ലഭിച്ചിരിക്കുന്നത്.

പോലീസ് തന്നെ പ്രതിക്ക് മനോരോഗമുണ്ടെന്ന് പറയുമ്പോള്‍ ഏത് കോടതിയാണ് ഇയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. മനോരോഗമുള്ളയാള്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യവും പ്രതിക്ക് നല്‍കി ‘രക്ഷപ്പെടുത്തുന്ന’ തന്ത്രം എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തുന്നത്, ഇനി യഥാര്‍ത്ഥ പ്രതി മറ്റാരെങ്കിലുമാണോ എന്ന സംശയമുയര്‍ത്തുന്നതാണ്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിനുശേഷം മൃതദേഹത്തിലെ വസ്ത്രം മാറ്റിയതുമായി ബന്ധപ്പെട്ടും രക്തക്കറ തുടച്ചുമാറ്റിയതുമായി ബന്ധപ്പെട്ടും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി പോലീസ് നല്‍കുന്നില്ല.

തെളിവുകള്‍ നശിപ്പിച്ചതിന് കേസെടുക്കേണ്ട ഗുരുതരമായ ഈ കാര്യങ്ങളിലും പോലീസ് ഏന്തോ ഒളിച്ചു വെയ്ക്കുന്നുണ്ട് എന്ന രൂപത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

പ്രതിയാണെന്ന് പോലീസ് പറയുന്ന സതീഷിനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് നിരത്തുന്ന വാദങ്ങളെല്ലാം നിയമപരമായി നിലനില്‍ക്കാത്തതാണ്. ഇത് ആര്‍ക്കോ വേണ്ടി ഒരു പ്രതിയെ സൃഷ്ടിച്ചത് പോലെയുള്ള വിവരണങ്ങളാണ്.

ഇക്കാര്യം പ്രതികൂടി അറിഞ്ഞുകൊണ്ടാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനും പറ്റാത്ത അവസ്ഥയാണ്. പ്രതിയെ മാനസിക രോഗിയാക്കി രക്ഷപ്പെടുത്താനുള്ള തന്ത്രമടക്കം തുടക്കം മുതല്‍ പോലീസ് എടുക്കുന്ന സമീപനമാണ് ഈ സംശയത്തിനാധാരം.

കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസ് ആദ്യം അട്ടിമറിച്ച സംസ്ഥാന പോലീസിന്റെ നടപടിയാണ് അമല കൊലക്കേസിലും ഇപ്പോള്‍ നടക്കുന്നതെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് Express kerala-യാണ്. ആ വാര്‍ത്തയെ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അഭയ കൊലക്കേസിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്ന സി.ബി.ഐ തന്നെ അമല കൊലക്കേസും അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ശക്തമായി ഉയര്‍ന്ന് വരുന്നുണ്ട്.

അമല വധത്തില്‍ അഭയ മോഡല്‍ അട്ടിമറി? എഡിജിപിയുടെ ‘ഇടപെടലില്‍’ ദുരൂഹത
http://www.expresskerala.com/?p=44530

Top