സീസര്‍ പരാമര്‍ശം നീക്കി മാണിയെ മന്ത്രി സ്ഥാനത്ത് മടക്കിയെത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശം സുപ്രീം കോടതിയില്‍ നിന്നും നീക്കി ധനമന്ത്രി സ്ഥാനത്ത് കെ. എം മാണിയെ മടക്കിയെത്തിക്കാന്‍ കരുനീക്കം.

ദീപാവലി അവധിക്ക് ശേഷം സുപ്രീം കോടതി തുറക്കുന്ന 16-ന് തന്നെ ഹര്‍ജി സമര്‍പ്പിക്കാനാണു തീരുമാനം.

ഹൈക്കോടതിയില്‍ വിജിലന്‍സിന് വേണ്ടി ഹാജരായ കപില്‍ സിബലോ, മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സല്‍വേയോ ആയിരിക്കും മാണിക്ക് വേണ്ടി ഹാജരാവുക.

ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിജിലന്‍സ് നല്‍കിയ ഹര്‍ജിയിലാണ് മാണിയെകുടുക്കിയ ഹൈക്കോടതി പരാമര്‍ശം ഉണ്ടായത്.

ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ വ്യക്തി മന്ത്രിയായിരിക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഈ കേസ് ശരിയായി അന്വേഷിക്കുന്നില്ലെന്ന് സാധാരണക്കാരന്‍ സ്വാഭാവികമായി ചിന്തിക്കുമെന്നും സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നുമാണ് വിജിലന്‍സിന്റെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി ജഡ്ജി കമാല്‍പാഷ അഭിപ്രായപ്പെട്ടത്.

ഈ പരമര്‍ശത്തിന്റെ പേരിലാണ് മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശമെന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ചാല്‍ പരാമര്‍ശം നീക്കികിട്ടുമെന്നാണ് മുന്‍ കേന്ദ്ര മന്ത്രികൂടിയായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബലില്‍ നിന്നും മാണിക്ക് ലഭിച്ച നിയമോപദേശം.

സുപ്രീം കോടതി വിധി വരുന്നതുവരെ മാണിക്ക് പകരക്കാരനായി മന്ത്രിയുണ്ടാകില്ല. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന്‌ തടയിടാനാണ് മന്ത്രി ബാബുവിനെതിരെ ഒളിയമ്പുമായി മാണി രംഗത്തെത്തിയത്.

മാണി ഇടഞ്ഞു നില്‍ക്കുകയും ജനതാദളിനെയും ആര്‍.എസ്.പിയെയും ഇടതുമുന്നണി സ്വാഗതം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാണിയെ മന്ത്രി സ്ഥാനത്ത് മടക്കിയെത്തിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കരുനീക്കം ആരംഭിച്ചിരിക്കുന്നത്.

Top