തിരുവനന്തപുരം: പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ.എം മാണിയും യുഡിഎഫും സര്‍ക്കാരും അവിശ്വാസം രേഖപ്പെടുത്തിയ എസ്.പി സുകേശനോട് തന്നെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച വിജിലന്‍സ് കോടതി നടപടി സര്‍ക്കാരിന് ഇരുട്ടടിയാകും.
വിജിലന്‍സ് ഡയറക്ടര്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേസില്‍, മാണിക്കെതിരെ കുറ്റപത്രം നല്‍കാനുള്ള തെളിവുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ എസ്.പി സുകേശന്റെ ഭാഗത്ത് നിന്ന് ഇനി ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്ന നിഗമനത്തില്‍ ഇപ്പോള്‍ തന്നെ ഭരണപക്ഷം എത്തിയിട്ടുണ്ട്.
കോടതി സുകേശന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചതിനാല്‍ ഇനി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ആഭ്യന്തര വകുപ്പിന് ബുദ്ധിമുട്ടാണ്.
മാത്രമല്ല ബാര്‍ കോഴക്കേസില്‍ തട്ടി വിജിലന്‍സ് ഡയറക്ടറുടെ പ്രതിച്ഛായക്ക് തന്നെ കോട്ടം സംഭവിച്ചതിനാല്‍ ഇനി മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും ഈ കേസില്‍ ഇടപെടില്ലെന്നും ഉറപ്പാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍ കോഴ കെ.എം മാണിക്ക് മാത്രമല്ല കോണ്‍ഗ്രസിനും യുഡിഎഫിനും നിര്‍ണ്ണായകമാണ്.
കോണ്‍ഗ്രസ് നേതാവ് മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തിയ വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി മന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടുണ്ടെങ്കിലും മാണിക്കെതിരായ അന്വേഷണം പിടി മുറുകിയാല്‍ കെ ബാബുവിന്റെ നിലയും പരുങ്ങലിലാകും.
വീണ്ടും അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും യുഡിഎഫിന് ബാര്‍ കോഴക്കേസ് കടുത്ത വെല്ലുവിളിയായിരിക്കുമെന്നതിന്റെ സൂചനയാണ് സുകേശന്റെ അന്വേഷണം.
ഇപ്പോള്‍ കെ.എം മാണിക്കും കെ ബാബുവിനും അനുകൂലമായി മൊഴി മല്‍കിയ ബാറുടമകള്‍ അടക്കമുള്ളവര്‍ ഭരണം മാറിയാല്‍ നിലപാട് തിരുത്തി രംഗത്ത് വരാനും സാധ്യതയുണ്ട്.
അതേസമയം അടുത്ത് തന്നെ സുകേശന്‍ റിട്ടയര്‍ ചെയ്യുന്ന കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം മറ്റൊരുദ്യോഗസ്ഥനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങിയതായാണ് ലഭിക്കുന്ന സൂചന.
ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി രൂപ മന്ത്രി കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സംസ്ഥാനത്തെ പിടിച്ചുലച്ച വിവാദങ്ങള്‍ക്കും ഇപ്പോഴത്തെ കോടതി ഉത്തരവിനും വഴിവച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തന്നെ കോടതി വിധി വന്നതാണ് യുഡിഎഫിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കുന്നത്.