സുധീരനോട് ഏറ്റുമുട്ടിയപ്പോള്‍ ഒടുവില്‍ തകര്‍ന്നടിഞ്ഞത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ സുധീരനേക്കാള്‍ ആദര്‍ശ ധീരനാവാന്‍ തുറന്ന ബാറുകള്‍ കൂടി പൂട്ടാന്‍ രംഗത്തിറങ്ങി പൊതു സമൂഹത്തിന്റെ കയ്യടി വാങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തനിനിറം പുറത്തായി.

നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വിയോജനക്കുറിപ്പോടെ എടുത്ത തീരുമാനം കനത്ത പ്രതിച്ഛായ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

അടച്ചിട്ട 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുത്ത വിഎം സുധീരന്റെ നിലപാടിനൊപ്പം പൊതു സമൂഹവും ആരംഭഘട്ടത്തില്‍ യുഡിഎഫ് ഘടകകക്ഷികളും നിലയുറപ്പിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അന്തിമ തീരുമാനം കൈക്കൊള്ളുവാന്‍ അന്ന് വിളിച്ച് ചേര്‍ത്ത യുഡിഎഫ് യോഗത്തില്‍ നേതാക്കളുടെ പ്രസംഗത്തിന് ശേഷം അപ്രതീക്ഷിതമായി കയ്യില്‍ കരുതിവെച്ച കുറിപ്പുയര്‍ത്തിക്കാട്ടി തുറന്നിരിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടണമെന്ന നിര്‍ദേശം മുഖ്യമന്ത്രി അവതരിപ്പിക്കുകയായിരുന്നു.

418 ബാറുകളുടെ കാര്യത്തില്‍ സുധീരനൊപ്പം നിലയുറപ്പിച്ച ഘടകകക്ഷികളുടെ നിലപാടിനെ തുടര്‍ന്നായിരുന്നു ഈ ‘കടുംകൈ’. പൊതു സമൂഹത്തില്‍ സുധീരനെ വെട്ടി ഹീറോ ആയ മുഖ്യമന്ത്രിയുടെ തന്ത്രപരമായ ഈ നീക്കമാണ് ഇന്നലത്തെ യുഡിഎഫ് യോഗ തീരുമാനത്തോടെ ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

മുന്നണിയുടെ അടിസ്ഥാന നയത്തില്‍ ഉറച്ച് നിന്നുള്ള ‘പ്രായോഗിക’ നയമാറ്റമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ബിയര്‍,വൈന്‍ ലൈസന്‍സുകളുടേയും ഞായറാഴ്ചകളിലെ മദ്യനിരോധനത്തിന്റേയും കാര്യത്തില്‍ ബാര്‍ ഉടമകള്‍ക്കനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല മദ്യ വിതരണത്തിന് ഒരു ദിവസത്തെ പെര്‍മിറ്റ് അനുവദിക്കുന്ന കാര്യത്തിലും അനുകൂല തീരുമാനമുണ്ടാകും.

ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചെടുക്കുന്ന തീരുമാനത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയ സുധീരന്‍ പൊതുസമൂഹത്തിന്റെ വികാരം ഏത് ഉദ്യോഗസ്ഥനാണ് പഠിക്കുക എന്ന ചോദ്യമുയര്‍ത്തിയതിന് നേതാക്കള്‍ക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു. പ്രായോഗികത എന്ന വാദം ഉപയോഗികിച്ച് മദ്യനയം മാറ്റിയാല്‍ കെ.എം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജനം കരുതുമെന്ന് തുറന്നടിക്കാനും സുധീരന്‍ മറന്നില്ല.

തന്റെ നിലപാട് പൊതുസമൂഹത്തോട് തുറന്ന് പറയുമെന്ന് യോഗാവസാനം സുധീരന്‍ വ്യക്തമാക്കിയതോടെയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ സുധീരന്റെ നിലപാട് തുറന്ന് പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. സുധീരന്റെ നിലപാടിനെ പോസിറ്റീവായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഉമ്മന്‍ചാണ്ടി പ്രായോഗികതയാണ് ഇപ്പോള്‍ കണക്കിലെടുക്കുന്നതെന്ന വാദമാണ് ഉയര്‍ത്തിയത്.

അതേസമയം കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം മാണിക്കെതിരെ അവശേഷിക്കുന്ന ബാറുടമകള്‍ നല്‍കുന്ന മൊഴികളെ സ്വാധീനിക്കനാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ നീക്കമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിഎം സുധീരന്റെ മദ്യനയത്തെ മുന്നണി യോഗത്തില്‍ മുസ്ലീംലീഗ് മാത്രമാണ് പിന്‍തുണച്ചത്. കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകളും കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, എസ്.ജെ.ഡി, ആര്‍.എസ്.പി തുടങ്ങിയ ഘടക കക്ഷികളെല്ലാം മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും നിലപാടുകളേയാണ് പിന്‍തുണച്ചത്.

മുന്നണി യോഗ തീരുമാനം പുറത്ത് വന്നതോടെ ശക്തമായ പ്രതിഷേധമാണ് പൊതു സമൂഹത്തില്‍ നിന്ന് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നേരിടുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ നിലപാട് മാറ്റത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്. വിവിധ മദ്യവിരുദ്ധ സംഘടനകളും മദ്യ നയമാറ്റത്തിന്റെ മറവില്‍ മദ്യമാഫിയയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന നിലപാടിലാണ്.

മദ്യവിരുദ്ധ നിലപാടില്‍ പൊതുജന പ്രീതി പിടിച്ച് പറ്റിയ യുഡിഎഫ് ചോദിച്ച് വാങ്ങിയ തിരിച്ചടിയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം.

Top