ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡല്‍ഹി പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തവര്‍ നല്‍കിയ മൊഴിയും തരൂര്‍ മൂന്നു ഘട്ടം ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ടെന്നും അതിനാല്‍ തരൂരിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരുമെന്നുമാണ് ലഭിക്കുന്ന വിവരം.
തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയും തരൂരിന്റെ മൊഴിയും തമ്മില്‍ വളരെ അന്തരമാണുള്ളത്. വ്യാഴാഴ്ച തരൂരിന്റെ ഡ്രൈവര്‍ ബജ്‌രംഗിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതുവരെ ആകെ മൂന്നുവട്ടമാണ് തരൂരിന്റെ മൊഴി രേഖപ്പെടുത്തിയത്. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും ചോദ്യം ചെയ്യല്‍. സുനന്ദ പുഷ്‌കര്‍, ഐപിഎല്ലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്താനിരിക്കുകയായിരുന്നെന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും സുനന്ദയുടെ മകന്‍ ശിവ് മേനോന്റെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു തരൂരിനോടുള്ള ചോദ്യങ്ങള്‍. ഇക്കാര്യങ്ങളിലും തരൂരിന്റെ മറുപടി പരസ്പര വിരുദ്ധമായിരുന്നെന്ന് പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മൊഴികളിലെ ഈ വൈരുദ്ധ്യം ഡല്‍ഹി പൊലീസ് ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഡല്‍ഹി പൊലീസ് കമ്മീഷര്‍ ബസിക്കു മുമ്പാകെ അന്വേഷണസംഘം ആവശ്യം അവതരിപ്പിച്ചതായാണ് സൂചന.