ന്യൂഡല്‍ഹി: കടുത്ത മത്സരത്തില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുപ്പം സൂക്ഷിക്കുകയും കോണ്‍ഗ്രസിലെ വിവരങ്ങള്‍ മോഡിക്ക് ചോര്‍ത്തി നല്‍കുകയും ചെയ്യുന്നത് ശശി തരൂരാണെന്ന് പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്ന ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരസ്യശാസന.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ വിവരങ്ങള്‍ പുറത്തുപറഞ്ഞതിന് ശശി തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പരസ്യമായി ശാസിക്കുകയായിരുന്നു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ വിവരം തരൂര്‍ പുറത്തുപറഞ്ഞതാണ് സോണിയയെ ചൊടിപ്പിച്ചത്. ഇത് നിങ്ങളുടെ ശീലമായിട്ടുണ്ട്. യോഗവിവരങ്ങള്‍ പുറത്തുവിടുന്നത് അവസാനിപ്പക്കണമെന്ന് സോണിയ കടുത്ത ഭാഷയില്‍ തരൂരിനെ ശാസിച്ചു.
ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ശശിതരൂര്‍ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെ രാജിയുടെ പേരില്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
നേരത്തെ സോണിയാഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്ഥനെന്ന നിലയിലാണ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരന്‍ പോലുമല്ലാതിരുന്ന ശശി തരൂരിനെ ഹൈക്കമാന്റ് മത്സരിപ്പിച്ചത്.
ആദ്യ തവണ എം.പിയായ തരൂരിന് വിദേശകാര്യ സഹമന്ത്രി സ്ഥാനവും നല്‍കി. എന്നാല്‍ ഐ.പി.എല്‍ വിവാദത്തെതുടര്‍ന്ന് തരൂരിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പുനസംഘടന വന്നപ്പോള്‍ വീണ്ടും തരൂരിന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചു.
തരൂരിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി രംഗത്തുവന്നിട്ടും സോണിയയുടെ വിശ്വസ്ഥന്‍ എന്ന ആനുകൂല്യത്തിലാണ് കഴിഞ്ഞ തവണയും തിരുവനന്തപുരത്ത് തരൂരിന് ടിക്കറ്റ് ലഭിച്ചത്.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തില്‍ തരൂരിനെതിരെ നിര്‍ണായക തെളിവുകളുണ്ടായിട്ടും അദ്ദേഹത്തെ അറസ്റ്റു ചെയ്യാനോ പ്രതിയാക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
റഷ്യന്‍ വിഷം കുത്തിവച്ച് സുനന്ദയെ തരൂര്‍ കൊലപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി തരൂരിനെ തുണക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പോലീസ് തരൂരിനെതിരെ സംശയകരമായ നിരവധി തെളിവുകളുണ്ടായിട്ടും അതെല്ലാം തിരസ്‌ക്കരിക്കുകയായിരുന്നു.
ഇതിന് പ്രത്യുപകാരമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങളെയും നിലപാടുകളെയും പിന്തുണക്കുകയായിരുന്നു തരൂര്‍. മോഡിയുടെ സ്വഛ് ഭാരത് പരിപാടിയുമായും കെ.പി.സി.സിയുടെ എതിര്‍പ്പ് അവഗണിച്ച് തരൂര്‍ സഹകരിച്ചിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ പ്രധാനമന്ത്രിക്ക് പ്രസംഗത്തിനുള്ള നോട്ട് തരൂര്‍ എഴുതി നല്‍കിയെന്നും വിവാദമുണ്ടായിരുന്നു.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിന് പല ലോകനേതാക്കളുമായും വ്യക്തിബന്ധമുണ്ട്. ഈ ബന്ധങ്ങള്‍ മോഡിക്കുവേണ്ടി തരൂര്‍ ഉപയോഗിക്കുന്നുവെന്ന പരാതി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ പ്രതിഷേധത്തെ എതിര്‍ത്ത തരൂരിനെതിരെ നടപടിവേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സോണിയയുടെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്ന തരൂരിന് ഇനി കോണ്‍ഗ്രസിലെ നിലനില്‍പ് സുഖകരമാവില്ല. ബി.ജെ.പിയിലേക്ക് ചേക്കേറിയാല്‍ കേന്ദ്ര മന്ത്രിസ്ഥാനം അടക്കമുള്ള നേട്ടങ്ങളുമുണ്ടാകും.
വിഴിഞ്ഞം പദ്ധതിയില്‍ മോഡിയോട് ഏറ്റവും അടുത്ത വ്യക്തിബന്ധമുള്ള അദാനി ഗ്രൂപ്പിനായി രംഗത്തിറങ്ങിയതും ശശിതരൂരായിരുന്നു. അതേസമയം തരൂരിന്റെ ഈ ‘മോഡി പ്രേമത്തില്‍’ വെട്ടിലാകുന്നത് കേരളത്തിലെ ബിജെപി ഘടകമാണ്.