തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലിസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് തനിക്ക് കൈമാറിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. പൊലീസിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ജനുവരി 17-നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിന്റെ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള വാദങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ആത്മഹത്യയാണെന്ന് ഒരു ഘട്ടത്തില്‍ ഡല്‍ഹി പോലീസ് തന്നെ വിശദീകരണവും നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷവസ്തു ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്. ഡല്‍ഹി കമ്മീഷണര്‍ ബി.എസ്. ബാസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. വിഷം വായിലൂടെ നല്‍കുകയാണോ കുത്തിവയ്ക്കുകയാണോ ചെയ്തതെന്ന് പരിശോധിക്കുമെന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.