ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചോദ്യംചെയ്യല്‍ എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലുള്ള തരൂര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. ശശി തരൂര്‍ നടത്തിയ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. സുനന്ദയുടെ മരണത്തിന് മുന്‍പുള്ള തരൂരിന്റെ ഫോണ്‍ സംഭാഷണങ്ങളും, കൂടിക്കാഴ്ചകളും, തരൂര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും മറ്റുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ട ലീല ഹോട്ടലിലെ മാനേജരെയും തരൂരിന്റെ സുരക്ഷ ജീവനക്കാരനേയും സുഹൃത്തിനേയും ചോദ്യം ചെയ്തു. വ്യാജരേഖകളുമായി കൂടുതല്‍പേര്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.