സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതെന്ന് ഡല്‍ഹി പൊലീസ്: തരൂരിനെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി:ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കരുടെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍. വിഷം നല്‍കിയാണ് കൊലപാതകം നടത്തിയത്. ശശി തരൂരിനെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ അറിയിച്ചു.

വിഷം വായിലൂടെയാണോ കുത്തി വച്ചാണോ നല്‍കിയതെന്ന് പരിശോധിക്കും. സാമ്പിളുകള്‍ പരിശോധനയ്ക്ക് വിദേശത്തേയ്ക്ക് അയയ്ക്കും. ഐ.പി.സി 302 പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലായിരുന്നു സുനന്ദ പുഷ്‌കറിനെ ഡല്‍ഹി ചാണക്യപുരിയിലെ ഹോട്ടല്‍ ലീലയിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് അടുപ്പമുണ്ടെന്ന വാര്‍ത്തകളെച്ചൊല്ലി ഇരുവരും അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന മരണം.

സുനന്ദ മരിച്ച ദിവസം വിദേശത്തു നിന്ന് ഡല്‍ഹിയില്‍ എത്തിയവരുടെ പട്ടിക പൊലീസ് ശേഖരിച്ചിരുന്നു. ദുബൈ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ യാത്രക്കാരുടെ പേര് വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്.

Top