സുന്ദരിയമ്മ കൊലക്കേസ്:പ്രതി ജയേഷിനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കുണ്ടായിത്തോട് സ്വദേശി ജബ്ബാര്‍ എന്ന ജയേഷിനെ (28) യാണ് മാറാട് സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടത്. കേസ് പുനരന്വേഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് വാദം അംഗീകരിച്ചു കൊണ്ടാണ് വെറുതെ വിട്ടത്. മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധിപറഞ്ഞത്.

ജയേഷിനെതിരേ പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരമായി ജയേഷിന് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്കണം. ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പൃഥ്വിരാജ് സിഐ പ്രമോദ് എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

2012 ജൂലൈ 21ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പലഹാരങ്ങളുണ്ടാക്കി ഹോട്ടലുകളില്‍ വിതരണം ചെയ്ത് ജീവിച്ചിരുന്ന സുന്ദരിയമ്മ തനിച്ചായിരുന്നു താമസം. മോഷണ ശ്രമത്തിനിടെ സുന്ദരിയമ്മ ഉണര്‍ന്നതോടെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഗോവയിലേക്ക് വിനോദയാത്രക്ക് പോകാന്‍ പണം കണ്ടെത്തുന്നതിനായാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് ജയേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കൊല നടന്ന് ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് പ്രതിയെ പിടികൂടിയത്. കസബ സി ഐയായിരുന്ന പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ അന്വേഷണം. ഒമ്പത് മാസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Top