സുപ്രീംകോടതിയെ ചോദ്യം ചെയ്തു: അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ലഖ്‌നൗ: ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ നിയമം അസാധുവാക്കിയ സുപ്രീംകോടതിവിധിയെ ചോദ്യംചെയ്ത കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച ഉത്തര്‍പ്രദേശിലെ മഹോബ കോടതി സ്വമേധയാ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

നവംബര്‍ 19ന് നേരിട്ട് ഹാജരാകണമെന്നും ജെയ്റ്റ്‌ലിയോട് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജെയ്റ്റിലിക്ക് സമന്‍സ് അയയ്ക്കാന്‍ മഹോബ എസ്.പിയോട് കോടതി നിര്‍ദ്ദേശിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് കുല്‍പഹര്‍ പൊലീസ് സ്റ്റേഷനിലാണ് ജെയ്റ്റ്‌ലിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505, 124(എ) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തിരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണമല്ല ഇന്ത്യന്‍ ജനാധിപത്യമെന്നും തിരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ വിവാദ പ്രസ്താവന. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്.

Top