നിയമം അട്ടിമറിച്ച് സര്‍ക്കാര്‍; മഞ്ജുനാഥും അജിതാ ബീഗവും തെറിച്ചത്‌ മൂന്നാം തവണ

തിരുവനന്തപുരം: ഐ.പി.എസുകാരെ പന്ത് തട്ടുന്നതുപോലെ തെറുപ്പിച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസ് ഭരണം.

ക്രമസമാധാന ചുമതലയില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥരെ മതിയായ കാരണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലംമാറ്റരുതെന്ന സുപ്രീംകോടതി വിധി തുടര്‍ച്ചയായി ലംഘിച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലീന്‍ ഇമേജുകാരും കര്‍ക്കശക്കാരുമായ വയനാട് എസ്.പി അജിതാ ബീഗത്തെയും പാലക്കാട് എസ്.പി എച്ച് മഞ്ജുനാഥിനെയും നിയമനം നല്‍കി ഒരുവര്‍ഷം പൂര്‍ത്തിയാകും മുന്‍പാണ് ആഭ്യന്തര വകുപ്പ് തെറുപ്പിച്ചിരിക്കുന്നത്.

അജിതാ ബീഗത്തെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലാക്കിയും മഞ്ജുനാഥിനെ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി(1)ആക്കിയുമാണ് ഒതുക്കിയത്.

ഇവര്‍ക്ക് പകരം പാലക്കാട്-വയനാട് എസ്.പിമാരായി പ്രമോട്ടി ഐ.പി.എസുകാരായ വിജയകുമാര്‍,പുഷ്‌ക്കരന്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

എസ്.ഐ ആയി സര്‍വ്വീസില്‍ കയറിയ ഇരുവര്‍ക്കും നീണ്ട സര്‍വ്വീസ് കാലയളവിനുള്ളില്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ബന്ധങ്ങളാണ് നേരിട്ട് ഐ.പി.എസ് നേടിയ യുവത്വത്തെ തെറുപ്പിച്ച് ജില്ലാ ഭരണ തലപ്പത്ത് വരാന്‍ സാഹചര്യമൊരുക്കിയത്.

തൃശൂര്‍ റൂറല്‍ എസ്.പിയായിരുന്ന വിജയകുമാറിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ അദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ അധികാര പരിധി കൂടുതലുള്ള പാലക്കാട് എസ്.പിയായി നിയമനം നല്‍കി അദ്ദേഹത്തെ തലോടുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മഞ്ജുനാഥിനും അജിതാ ബീഗത്തിനും രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന മൂന്നാമത്തെ സ്ഥലംമാറ്റമാണിത്. നേരത്തെ വയനാട് എസ്.പിയായിരുന്ന മഞ്ജുനാഥിനെ അവിടെനിന്ന് മലപ്പുറത്തേക്കും തുടര്‍ന്ന് പാലക്കാട്ടേക്കുമാണ് സ്ഥലംമാറ്റിയിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തേക്ക് തെറുപ്പിച്ചത്.

തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍, തൃശൂര്‍ റൂറല്‍ എസ്.പി, വയനാട് എസ്.പി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അജിതാ ബീഗത്തെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാളാക്കിയാണ് ഒതുക്കിയത്.

വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് വഴങ്ങാതെ നിയമം നീതിപൂര്‍വ്വമായി നടപ്പാക്കിയതാണ് ചില ഭരണപക്ഷ നേതാക്കളുടെ കണ്ണുകളില്‍ ഇരുവരും ‘കരടായത്’.

എല്ലാം നീതിപൂര്‍വ്വം മാത്രം നടപ്പാക്കുമെന്ന് വീമ്പിളക്കുന്ന ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ഐ.പിഎസുകാരുടെ സ്ഥലംമാറ്റത്തില്‍ സുപ്രീംകോടതി വിധിപോലും ലംഘിച്ചത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പൊതുപ്രവര്‍ത്തകര്‍.

നേരത്തെ അന്യായമായ സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് യുവ ഐ.പിഎസുകാര്‍ നല്‍കിയ പരാതി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.

മഞ്ജുനാഥിനെയും അജിതാ ബീഗത്തെയും അന്യായമായി സ്ഥലംമാറ്റിയതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Top