സുബ്രഹ്മണ്യന്‍ സ്വാമിയുടെ പുസ്തകത്തില്‍ ഹിന്ദു-മുസ്ലീം വിദ്വേഷ പരാമര്‍ശങ്ങളുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ടെറ്റിസം ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ വിദ്വേഷമുളവാക്കുന്ന ഭാഗങ്ങളുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. പുസ്തകത്തില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും ഉളവാക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

എഴുത്തിലൂടെ ഇന്ത്യന്‍ നിയമം സ്വാമി തെറ്റിച്ചെന്നും പ്രോസിക്യൂട്ട് ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കേസിനെതിരെ സ്വാമി നല്‍കിയ ഹര്‍ജി തള്ളിക്കളയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകുമെന്നും സമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും നശിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യത്തിന്റെ ഐക്യത എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം. വിഭാഗീയ ശക്തികളെ വളരാന്‍ അനുവദിക്കരുത്. ആശയസംവേദനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് കലാപവും അസ്ഥിരതയും ഉളവാക്കുന്ന തരത്തില്‍ ഒരു വിഭാഗത്തിനെതിരെയോ സമുദായത്തിനെതിരെയോ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Top