സുരേഷ് പ്രഭു ബിജെപിയില്‍, ശിവസേന ഇടഞ്ഞു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെച്ചൊല്ലി ബിജെപി ശിവസേനാ സഖ്യത്തില്‍ ഉടലെടുത്ത ഭിന്നിപ്പ് കേന്ദ്ര മന്ത്രിസഭാ വികസനത്തോടെ പിളര്‍പ്പിലേക്കു നീങ്ങുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച ശിവസേന മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പിന്തുണ സ്വീകരിച്ചാല്‍ തങ്ങള്‍ എന്‍ഡിഎ വിടുമെന്നു ബിജെപിക്ക് അന്ത്യശാസനം നല്‍കി. എന്നാല്‍, കേന്ദ്ര മന്ത്രിസഭയിലെ സേനാ പ്രതിനിധി അനന്ത് ഗീഥെയെ തത്കാലം പിന്‍വലിക്കില്ല.

മന്ത്രിസഭയിലേക്കു ശിവസേന നിര്‍ദേശിച്ച പ്രതിനിധിയും രാജ്യസഭാംഗവുമായ അനില്‍ ദേശായിക്കു സഹമന്ത്രിസ്ഥാനമേ നല്‍കാനാവൂ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ് ഇന്നലെ ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാക്കിയത്. ശിവസേനയില്‍ നിന്ന് ബിജെപിയില്‍ ചേക്കേറിയ സുരേഷ് പ്രഭുവിനെ ക്യാബിനറ്റ് റാങ്കോടെ മന്ത്രിയാക്കിയതും സേനയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായി. ഇനിയും അപമാനിക്കപ്പെടാന്‍ നിന്നുകൊടുക്കില്ലെന്നാണു മുതിര്‍ന്ന സേനാ എംപി ചന്ദ്രകാന്ത് ഖൈരെ വ്യക്തമാക്കിയത്.
നാടകീയ സംഭവങ്ങളായിരുന്നു ഇന്നലെ ഡല്‍ഹിയിലും മുംബൈയിലുമായി അരങ്ങേറിയത്. ശനിയാഴ്ച രാത്രി വൈകിയും നീണ്ട അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭാ പുനഃസംഘടനയോടു സഹകരിക്കാന്‍ തീരുമാനിച്ച ശിവസേനയുടെ പ്രതിനിധി അനില്‍ ദേശായി രാവിലെ സത്യപ്രതിജ്ഞയ്ക്ക് ഡല്‍ഹിയിലെത്തി. എന്നാല്‍, സഹമന്ത്രി സ്ഥാനമേ കിട്ടൂ എന്നു വ്യക്തമായതോടെ ദേശായി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു തന്നെ മുംബൈക്കു മടങ്ങി. ഇതിനിടെ, അവസാനവട്ടം ശ്രമമെന്ന നിലയില്‍ അനന്ത് ഗീഥെ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയില്ല.

Top