ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ കുടുംബത്തിന് ലളിത് മോഡിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തിയാല്‍ മാത്രമേ സഭ നടത്താന്‍ അനുവദിക്കൂ എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഷമാ സ്വാരജിനെതിരെ രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
ക്രിമിനലായ ലളിത് മോഡിയുമായി സുഷമാ സ്വാരാജിനും കുടുംബത്തിനും എന്ത് ഇടപാടാണുള്ളതെന്ന് രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ലളിത് മോഡിയില്‍ നിന്ന് സുഷമയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്ര രൂപ വന്നുവെന്ന് വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് നടപടികള്‍ സുഖമമായി നടക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മറുപടി ലഭിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ സര്‍ക്കാരിനതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടുവെന്ന ആരോപണം രാഹുല്‍ നിഷേധിച്ചു.