ലണ്ടന്‍: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് 240 ദശലക്ഷം പൗണ്ടിന്റെ (2,498 കോടി രൂപ) റെക്കോഡ് വിലയിട്ട് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നികുതിയടക്കം 165 ദശലക്ഷം പൗണ്ട് (1718 കോടി രൂപ) റൊക്കം പണമായും ബാക്കി 75 ദശലക്ഷം പൗണ്ട് (780 കോടി രൂപ) കരാര്‍ കാലയളവായ അഞ്ച് വര്‍ഷം കൊണ്ട് നല്‍കാമെന്നുമാണ് യുണൈറ്റഡിന്റെ വാഗ്ദാനം.
നെയ്മര്‍ കൂടുമാറിയാല്‍ കളിക്കാരുടെ കൈമാറ്റത്തുകയില്‍ പുതിയ ചരിത്രം പിറക്കും. എന്നാല്‍ നെയ്മര്‍ വിരമിക്കുന്നതുവരെ ബാഴ്‌സയില്‍ തുടരണമെന്നാണ് ആഗ്രഹമെന്ന പ്രസ്താവനയുമായി ക്ലബ്ബ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്.
സ്പാനിഷ് താരം പെഡ്രോയെ നഷ്ടപ്പെട്ടതിന് പിന്നാലെ യുണൈറ്റഡ് ക്ലബ്ബ് സി.ഇ.ഒ. എഡ് വുഡ്വാര്‍ഡ് വമ്പന്‍താരത്തെ ടീമിലെത്തിക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. നെയ്മറിലേക്ക് ക്ലബ്ബിന്റെ ശ്രദ്ധതിരിയുന്നത് പെഡ്രോയെ ചെല്‍സി സ്വന്തമാക്കിയതിന് ശേഷമാണ്. നെയ്മറിന് വേണ്ടി 1600 കോടിയോളം രൂപ യുണൈറ്റഡ് മുടക്കേണ്ടി വരുമെന്ന് ബാഴ്‌സ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ ഏക്കാലത്തേയും വലിയ തുക വിലയിട്ട് ഇംഗ്ലീഷ് ക്ലബ്ബ് രംഗത്തുവന്നത്.
2013 ല്‍ ബാഴ്‌സലോണയില്‍ എത്തിയ നെയ്മര്‍ 92 കളിയില്‍നിന്ന് 54 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് കരിയറില്‍ 317 മത്സരത്തില്‍നിന്ന് 190 ഗോളുകളാണുള്ളത്. ബ്രസീല്‍ ക്ലബ്ബായ സാന്റോസിനാണ് ഇതിനുമുമ്പ് കളിച്ചത്. ബ്രസീലിനായി 65 കളിയില്‍ നിന്ന് 44 ഗോള്‍ നേടിയിട്ടുണ്ട്.