സൂപ്പര്‍ ലീഗില്‍ സമനിലകളുടെ ദിനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലകളുടെ ദിനം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഗോവയും തമ്മിലുള്ള മത്സരവും കൊല്‍ക്കത്തയും ഡല്‍ഹിയും തമ്മിലുള്ള മത്സരവും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.

തുടര്‍ച്ചയായി രണ്ടാം മത്സരമാണ് ഡല്‍ഹി സമനിലയില്‍ കുരുങ്ങുന്നത്. ഫ്രിക്രുവിനെ പെനല്‍റ്റി ബോക്‌സില്‍ ഫൗളു ചെയ്തതിന് കൊല്‍ക്കത്തക്ക് ലഭിച്ച പെനല്‍റ്റി യാക്കൂബ് പൊഡാനിയാണ് ഗോളാക്കി മാറ്റിയത്. മത്സരത്തിന്റെ അഴുപത്തി നാലാം മിനുറ്റിലായിരുന്നു ഡല്‍ഹിയുടെ സമനില ഗോള്‍. 25 വാര അകലെ നിന്നുള്ള എല്യാസിന്റെ അടി വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ മൂലയിലേക്ക് കയറുകയായിരുന്നു. ഡല്‍ഹിയുടെ ഐ.എസ്.എല്ലിലെ ആദ്യ ഗോളാണ് എല്യാസ് നേടിയത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ കൊല്‍ക്കത്തയാണ് ഒന്നാമത്. രണ്ട് മത്സരങ്ങളും സമനിലയിലായ ഡല്‍ഹി രണ്ട് പോയിന്റോടെ അഞ്ചാമതാണ്. കൊല്‍ക്കത്ത സോള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു. മത്സരത്തിന്റെ എണ്‍പത്തി ഒമ്പതാം മിനുറ്റിലാണ് കൊല്‍ക്കത്തയുടെ രാകേഷ് മാസിഹ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത്.

രണ്ടാം മത്സരത്തില്‍ പൊരുതിക്കളിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ ഗോവ സമനിലയില്‍ കുരുക്കുകയായിരുന്നു. ഗ്രെഗറി അര്‍ണോലിന്റെ ഗോളില്‍ മുന്നിലെത്തിയ ഗോവയെ വിവാദ പെനല്‍റ്റി ഗോളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ തളച്ചത്. സമനില ഗോളിന് ശേഷവും പൊരുതിക്കളിച്ച നോര്‍ത്ത് ഈസ്റ്റിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം മാറി നിന്നു.

Top