സൂററ്റ്: അയല്‍പക്കത്തെ വളര്‍ത്തു നായയ്ക്കു സ്വന്തം വീട്ടിലെ പൊമറേനിയന്‍ നായയെ വിവാഹം കഴിച്ചുകൊടുത്ത് സൂററ്റിലെ ഒരു ബിസിനസുകാരന്‍ പുതിയൊരു ചടങ്ങിനു തുടക്കം കുറിച്ചു. അഞ്ഞൂറോളം അതിഥികളെ ക്ഷണിച്ചു വലിയ വിവാഹപ്പന്തലൊരുക്കിയായിരുന്നു ശ്വാനവിവാഹം. തക്കം കിട്ടുമ്പോഴെല്ലാം മറ്റൊരു നായയ്‌ക്കൊപ്പം ചുറ്റിക്കറങ്ങിയ സ്വന്തം നായയെ എന്നും എപ്പോഴും കൂടെത്താമസിക്കാന്‍ അഭിമന്യു നായിക് – പ്രതിമ ദമ്പതികളാണ് അവസരമൊരുക്കിയത്. ഡോലക് മേളവും ഗാനമേളയുമായി ആര്‍ഭാടമായിരുന്നു വിവാഹച്ചടങ്ങ്.
നാല്‍പ്പത്തിരണ്ടു വയസുകാരനായ അഭിമന്യൂ നായിക് മുപ്പത്തിരണ്ടുകാരിയായ പ്രതിമയെ വിവാഹം കഴിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇവര്‍ക്കു മക്കളില്ല. ഏകാന്തത മാറ്റാന്‍ ദമ്പതികളൊരു പെണ്‍ നായയെ വാങ്ങി. അതിനു ഗുഡുലു എന്നു പേരിട്ടു. പൊമറേനിയന്‍ ഇനത്തില്‍പ്പെട്ട ഗുഡുലുവിനെ യാതൊരു കുറവുകളുമില്ലാതെയാണ് അവര്‍ വളര്‍ത്തുന്നത്. നാലഞ്ചു മാസമായി ഗുഡുലുവിന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റം. ഗേറ്റ് തുറന്നാല്‍ റോഡിലേക്ക് ഓടും. ഗുഡുലുവിന്റെ നിറം കണ്ടാല്‍ എവിടെ നിന്നോ ഒരു ആണ്‍ നായ ഓടിയെത്തും. പിന്നെ രണ്ടു നായ്ക്കളും കൂടി ചുറ്റിത്തിരിയും. ഇതാണു ഗുഡുലുവിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാന്‍ കാരണമെന്ന് അഭിമന്യൂ തിരിച്ചറിഞ്ഞു.
ഗുഡുലുവിന്റെ പുറകെ വരുന്ന നായയുടെ വീട് അഭിമന്യൂ കണ്ടു പിടിച്ചു. ബബ്ലൂ ഗൗദ് എന്നയാളാണ് ആ നായയുടെ ഉടമ. മോത്തി എന്നാണ് നായയുടെ പേര്. ഗുഡുലുവിന്റെ പുറകെ നടന്നു ശല്യം ചെയ്യാന്‍ മോത്തിയെ അനുവദിക്കരുതെന്ന് ഉടമയോട് അഭിമന്യൂ പറഞ്ഞെങ്കിലും നായകള്‍ തമ്മിലുള്ള അടുപ്പം ശക്തിപ്പെട്ടിരുന്നു. ഗുഡുലുവിനു മോത്തിയെ വരനായി നല്‍കണമെന്ന് അഭിമന്യൂ ബബ്ലൂവിനോട് അഭ്യര്‍ഥിച്ചു. രണ്ടു കുടുംബങ്ങളും കൂടി ആലോചിച്ച് അഷ്ടമി നാളില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചു. ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും സുഹൃത്തുക്കളുമായി അഞ്ഞൂറോളം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. നായയ്ക്ക് ആഭരണം വാങ്ങാനും വധൂവരന്മാരെ ഒരുക്കാനും 80,000 രൂപയാണ് ചെലവാക്കിയത്.