തിരുവനന്തപുരം: പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള ജീവനക്കാരുടെ പ്രയത്‌നം ഫലംകണ്ടു. സേവ് കെ.എസ്.ആര്‍.ടി.സി. കാംപയിനിലൂടെ തിങ്കളാഴ്ച ലഭിച്ചത് 6.76 കോടി രൂപ.
സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് കരകേറാനാവാതെ വലയുന്ന കെ.എസ്.ആര്‍.ടി.സിയെ തങ്ങളുടേതായ രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ജീവനക്കാര്‍ സേവ് കെ.എസ്.ആര്‍.ടി.സി. പ്രചാരണപരിപാടി ആരംഭിച്ചത്. ഒരാഴ്ച മുമ്പ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച വരുമാനം 5,85,90,255 രൂപയാണ്. എന്നാല്‍ കഴിഞ്ഞദിവസത്തെ വരുമാനം 6,76,88,545 രൂപയായി വര്‍ധിച്ചു. പോവുന്ന സ്ഥലത്തിന്റെ പേരു വിളിച്ചുപറഞ്ഞ് ബസ്സിനുള്ളിലേക്കു യാത്രക്കാരെ കയറ്റുന്ന രീതി അവലംബിച്ചാണ് കലക്ഷനില്‍ റെക്കോഡ് സൃഷ്ടിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞത്. ഒരാഴ്ചകൊണ്ട് വരുമാനത്തില്‍ ഉണ്ടായ വര്‍ധന 90,98,290 രൂപയാണ്.
ഇതോടൊപ്പം കെ.യു.ആര്‍.ടി.സി. കോര്‍പറേഷന്റെ ഭാഗമായ ജന്റം ബസ്സുകളുടെ സര്‍വീസിലൂടെ ലഭിച്ച 30 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.ഇ.എയുടെ നേതൃത്വത്തിലാണ് സേവ് കെ.എസ്.ആര്‍.ടി.സി. കാംപയിന്‍. 250-300 ബസ്സുകളാണു കഴിഞ്ഞദിവസം അധികമായി നിരത്തിലിറക്കിയത്. ആകെയുള്ള 5668 ബസ്സുകളില്‍ 4972 എണ്ണമാണു കഴിഞ്ഞദിവസം സര്‍വീസ് നടത്തിയത്. കഴിഞ്ഞ ആഴ്ച ഇത് 4402 ആയിരുന്നു. സാധാരണ 4250 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ കഴിഞ്ഞദിവസം ഇത് 4630 എണ്ണമാണ്.