സൈക്കോളജിക്കല്‍ ത്രില്ലറുമായി സംവിധായകന്‍ രാജേഷ് പിള്ള

നിരൂപക പ്രശംസ നേടിയ മിലിക്ക് ശേഷം സൈക്കോളജിക്കല്‍ ത്രില്ലറുമായി സംവിധായകന്‍ രാജേഷ് പിള്ള എത്തുന്നു. മൂന്നു പേരുടെ ജീവിതങ്ങളെ ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.

പരമ്പരാഗത നായികാ നായക സങ്കല്‍പ്പത്തെ മാറ്റിവെച്ച് മൂന്ന് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കുമിതെന്ന് രാജേഷ് പിള്ള പറയുന്നു.

കുഞ്ചാക്കോ ബോബനും ജയസൂര്യയുമായിരിക്കും രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. മൂന്നാമത്തെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് ഒരു പെണ്‍കുട്ടിയാണ്. അത് ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മൂന്ന് കഥാപാത്രങ്ങളും അഭിനയ സാധ്യതയുള്ളവയാണ്, അതുകൊണ്ട് തന്നെ അഭിനേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും രാജേഷ് പിള്ള പറയുന്നു.

കൊച്ചിയിലും ഇടുക്കിയിലെ വണ്ടിപ്പെരിയാറിലുമായി സെപ്തംബറില്‍ ഷൂട്ടിംഗ് തുടങ്ങാന്‍ സംവിധായകന്‍ ഉദ്ദേശ്യിക്കുന്നത്. ട്രാഫിക്, മിലി തുടങ്ങി രാജേഷ് പിള്ള ഒരുക്കിയ മുന്‍ സിനിമകളെല്ലാം പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളായിരുന്നു.

ബോളിവുഡ് സിനിമകള്‍ക്ക് ഉള്‍പ്പെടെ ക്യാമറ ചലിപ്പിച്ചിട്ടുള്ള സന്തോഷ് തുണ്ടിയിലായിരിക്കും ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥ.

Top