ദുബായ് : സൈബര്‍ മേഖലയെ സുരക്ഷിതമാക്കാനും നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കി സ്മാര്‍ട് മുന്നേറ്റത്തിനു വഴിയൊരുക്കാനും ദുബായില്‍ സൈബര്‍ സുരക്ഷാ കര്‍മ്മപരിപാടിക്കു തുടക്കമായി.
ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഡിജിറ്റല്‍ നഗരമാക്കി മാറ്റാനുള്ള കര്‍മ്മപരിപാടിക്ക് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കം കുറിച്ചു.നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും കോര്‍ത്തിണക്കിയുള്ളതാണ് പുതിയ കര്‍മ്മപരിപാടി.
സ്മാര്‍ട് രാജ്യം, നൂതന ആശയം, സുരക്ഷ, മേഖലാ-രാജ്യാന്തര സഹകരണം, തിരിച്ചടികളില്‍നിന്നുള്ള അതിവേഗമുന്നേറ്റം എന്നീ അഞ്ചുതലങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ദുബായ് പ്ലാന്‍ 2021 പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു ആശയത്തിനു രൂപം നല്‍കിയിരിക്കുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍, ആക്രമണങ്ങള്‍ എന്നിവ തടയുക, സ്വകാര്യത ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യങ്ങള്‍. സൈബര്‍ മേഖലയ്ക്കുനേരെയുള്ള ഏതു വെല്ലുവിളിയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സൈബര്‍ മേഖലയില്‍ ശക്തമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചുവടുവയ്പ്.