സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ? കോണ്‍ഗ്രസില്‍ കണ്‍ഫ്യൂഷനെന്ന് കമല്‍ നാഥ്

ന്യൂഡല്‍ഹി: കേണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചത് വിവാദമായിരിക്കേ, രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. എന്തെങ്കിലും പ്രശ്‌നവുമായി സോണിയാ ഗാന്ധിയുടെ അടുത്ത് ചെന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത് ചെല്ലാന്‍ പറയുമെന്നും, രാഹുല്‍ ഗാന്ധിയുടെ അടുത്ത് ചെന്നാല്‍ സോണിയാ ഗാന്ധിയുടെ അടുത്ത് ചെല്ലാന്‍ പറയുമെന്നും കമല്‍ നാഥ് കുറ്റപ്പെടുത്തി. ഇരുവരുടെയും അധികാരത്തെ ചൊല്ലി കണ്‍ഫ്യൂഷനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍നാഥ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ചത്.

ഏപ്രിലില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന ആഭ്യൂഹത്തിന് ശക്തി പകരുന്ന പ്രതികരണവും കമല്‍നാഥിന്റെ ഭാഗത്ത് നിന്നുണ്ടായി. രാഹുലിന് മുഴുവന്‍ അധികാരവും കൊടുക്കണമെന്ന് കമല്‍ നാഥ് പറഞ്ഞു. ‘പൂര്‍ണ അധികാരമില്ലാത്ത ഒരാളെ നമുക്ക് കൃത്യമായി വിധിക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിക്ക് അധികാരം കൊടുത്തു കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം’. കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് സമ്മേളന കാലത്ത് സോണിയാ ഗാന്ധിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അവധിയില്‍ പോയതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നിരുന്നത്. എന്നാല്‍ ആനുകാലിക വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ വേണ്ടി രാഹുല്‍ അവധിയില്‍ പ്രവേശിച്ചു എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി നല്‍കിയ വിശദീകരണം.

രാഹുല്‍ ഗാന്ധി അവധിയില്‍ പോയ സമയം ശരിയായോ എന്ന ചോദ്യത്തിന്, ഒരു വ്യക്തി ഇവിടെ ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും പാര്‍ട്ടി ഇവിടെ ഉണ്ടെന്നുമായിരുന്നു കമല്‍നാഥിന്റെ മറുപടി.

2013 ജനുവരിയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന് ശേഷം ലോക് സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Top