സോളോയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സോളോ 8 എക്‌സ്-1020

സോളോയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. സോളോ 8 എക്‌സ്-1020 എന്നു പേരിട്ടിരിക്കുന്ന മോഡലിന് 9999 രൂപയാണ് വില. 5എംപി മുന്‍കാമറയുമായി ഇതിന്റെ പ്രത്യേകത. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ മോഡല്‍ പക്ഷേ എന്നു വിപണിയിലെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഡ്യുവല്‍ സിം മോഡലായ 8എക്‌സ്-1020 ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചിഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ സ്‌ക്രീനിന്റെ റസല്യൂഷന്‍ 720 X 1280 പിക്‌സലാണ്. 1.4 ജിഗാഹെര്‍ട്‌സ് ഒക്റ്റാകോര്‍ മീഡിയാടെക് (എംടി6592) പ്രൊസസറിന് 1 ജിബി റാം, മാലി 450എംപി ജിപിയു ചിപ് എന്നിവ പിന്‍ബലമേകുന്നു.

8 ജിബിയാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാനാവും. ആക്‌സലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, മാഗ്നേറ്റോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയവയാണ് 8എക്‌സ് 1020 മോഡലില്‍ നല്‍കിയിരിക്കുന്ന മറ്റു പ്രധാന ഫീച്ചറുകള്‍.

8 എംപി പിന്‍കാമറയാണ് 8എക്‌സ്-1020ല്‍ നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഫ്‌ളാഷ്, എക്‌സ്‌മോര്‍ ആര്‍ സെന്‍സര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകള്‍ പിന്‍കാമറയുടെ പെര്‍ഫോമന്‍സിനെ കൂടുതല്‍ മികവുറ്റതാക്കുവാന്‍ പോന്നതാണ്. ഇതിനു പുറമെ 5 എംപി മുന്‍കാമറയുമുണ്ട്. സീന്‍ ഡിറ്റക്ഷന്‍, ഫേസ് റെക്കഗ്നീഷ്യന്‍, ലോ ലൈറ്റ് എന്‍ഹാന്‍സ്‌മെന്റ്, പനോരമ, ജിയോ ടാഗിംഗ്, ബേര്‍സ്റ്റ് ഷോട്ട്, സ്‌മൈല്‍ ഷോട്ട്, എച്ച്ഡിആര്‍ ഓപ്ഷന്‍ എന്നീ സവിശേഷ ഫീച്ചറുകളും കാമറയില്‍ നല്‍കിയിരിക്കുന്നുവെന്നത് ഈ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

3ജി, ജിപിആര്‍എസ് എഡ്ജ്, വൈഫൈ, മൈക്രോ യുഎസ്ബി, ബ്‌ളൂടൂത്ത് തുടങ്ങിയവയടക്കം പ്രധാനപ്പെട്ട കണക്ടിവിറ്റി ഫീച്ചറുകളെല്ലാം തന്നെ 8എക്‌സ്-1020 മോഡലില്‍ സോളോ ഒരുക്കിയിരിക്കുന്നു.
2500 മില്ലി ആമ്പിയറാണ് ബാറ്ററിയുടെ കപ്പാസിറ്റി. 3ജിയില്‍ 17 മണിക്കൂര്‍ സംസാരസമയവും, 700 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും ബാറ്ററി നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Top