സോഷ്യല്‍ മീഡിയകളിലും നരേന്ദ്രമോദി ആരാധകര്‍ കൂടുന്നു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരാധകര്‍ കൂടുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും മോദി ലോകനേതാക്കളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാജ്യത്ത് സോഷ്യല്‍ മീഡിയകളില്‍ മോദിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

ഫെയ്‌സ്ബുക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് മുന്നില്‍. 4.36 കോടി ലൈക്കുകള്‍ ഫേസ്ബുക്കില്‍ ഒബാമയ്ക്കുള്ളപ്പോള്‍ രണ്ടരകോടി ലൈക്കുകളാണ് മോദിയുടെ പേജിനുള്ളത്.

പ്രധാനമന്ത്രിയായതിനു ശേഷം അദ്ദേഹത്തിന് ട്വിറ്ററില്‍ 40 ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ട്വിറ്ററില്‍ ഒബാമയ്ക്കും ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കും പിന്നില്‍ മൂന്നാമതാണ് മോദിയുടെ സ്ഥാനം. 80 ലക്ഷം പേരാണ് ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവര്‍. 4.3കോടി ആരാധകരാണ് ഒബാമയ്ക്കുള്ളത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ട്വീറ്റുകള്‍ കാണുന്നവര്‍ 1.4 കോടി വരും.

ലോകത്ത് ആദ്യമായി പര്യടനത്തിനിടെ ഫോട്ടാകള്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോബൂത്ത് ആയ ട്വിറ്റര്‍ മിറര്‍ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. ഒപ്പം ഇന്‍സ്റ്റാഗ്രാം പോലുള്ള പുതിയ സോഷ്യല്‍ മീഡിയകളും മോദി ഉപയോഗിക്കുന്നുണ്ട്.

Top